
Attack on LNG Carrier Al Mayeda ദോഹ: അറേബ്യൻ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ഉടമസ്ഥതയിലുള്ള എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) കപ്പലായ ‘അൽ മയേദ’യ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനി ലിമിറ്റഡായ നഖീലാത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് ആക്രമണത്തിനിരയായത്. സംഭവം സമുദ്രഗതാഗത സുരക്ഷയ്ക്കും ആഗോള ഊർജ വിതരണത്തിനും ഭീഷണിയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബർ 30 വെള്ളിയാഴ്ച വൈകുന്നേരമാണ് കപ്പലിന് നേരെ അജ്ഞാത വസ്തുക്കൾ പതിച്ചതെന്ന് നഖീലാത്ത് അറിയിച്ചു. സംഭവത്തിൽ കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതി നാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കപ്പൽ സുരക്ഷിതാവസ്ഥയിലാണെന്നും പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ്.
സംഭവത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താനും ഉത്തരവാദികളെ തിരിച്ചറിയാനും ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അനുസൃതമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം ഖത്തർ നിലനിർത്തുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം നിരുത്തരവാദപരമായ നടപടികൾ മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ആഗോള സമ്പദ്വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഊർജവാഹക കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കടൽപരിസ്ഥിതിക്കും മേഖലയിലെ രാജ്യങ്ങളുടെ ജലസുരക്ഷയ്ക്കും വലിയ ഭീഷണിയാകാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആഗോള ഊർജ വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന എൽഎൻജി കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ സമുദ്രഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഖത്തറിന്റെ പ്രതികരണം.





