
UAE Gold Price Drop:ദുബായ്: യുഎഇയിൽ സ്വർണവില കുറഞ്ഞതോടെ സ്വർണം വാങ്ങാനായി ജുവലറികളിലേക്ക് പ്രവാസികളുടെ ഒഴുക്ക്. ദീപാവലി, ധൻതേരസ് തുടങ്ങിയ ഉത്സവങ്ങൾ അടുത്തെത്തിയതും സ്വർണവിലയിലെ ഇടിവും വിപണിയിൽ വലിയ ഉണർവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യക്കാരുൾപ്പെടെ നിരവധി പ്രവാസികളാണ് ഈ അവസരം പ്രയോജനപ്പെടുത്തി സ്വർണം വാങ്ങാനെത്തുന്നത്.
ഇന്ത്യയെ അപേക്ഷിച്ച് യുഎഇയിൽ സ്വർണാഭരണങ്ങൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതിനാൽ പ്രവാസികൾക്കിടയിൽ സ്വർണം വാങ്ങുന്നതിന് വലിയ പ്രിയമുണ്ട്. നിലവിലെ വിലക്കുറവിനെത്തുടർന്ന് സ്വർണ നാണയങ്ങൾ, സ്വർണക്കട്ടികൾ, ഭാരം കുറഞ്ഞ ആഭരണങ്ങൾ എന്നിവ വാങ്ങാനാണ് കൂടുതൽ പേരും താൽപ്പര്യപ്പെടുന്നത്. പഴയ ആഭരണങ്ങൾ മാറ്റി പുതിയവ വാങ്ങുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.
ഉപയോഗിക്കാതെ സൂക്ഷിച്ചിരുന്ന പഴയ സ്വർണം വിറ്റ് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഭാരം കുറഞ്ഞ ആഭരണങ്ങൾ വാങ്ങുന്നവരും നിരവധിയാണ്. അതേസമയം, സാമ്പത്തിക ആവശ്യങ്ങൾക്കായി പഴയ സ്വർണം വിറ്റ് പണമാക്കുന്നവരുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
പഴയ സ്വർണം മാറ്റുമ്പോൾ ശ്രദ്ധിക്കണം
പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്വർണവ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. പഴയ സ്വർണം വിൽക്കുന്ന അതേ ജുവലറിയിൽനിന്ന് തന്നെ പുതിയ ആഭരണങ്ങൾ വാങ്ങുന്നതാണ് കൂടുതൽ ലാഭകരം.
ഓരോ ഇടപാടിലും ജുവലറിയുടെ ലാഭവിഹിതം ഉൾപ്പെടുന്നതിനാൽ രണ്ട് വ്യത്യസ്ത കടകളിൽനിന്ന് ഇടപാട് നടത്തുമ്പോൾ ഉപഭോക്താവിന് അധിക സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പഴയ സ്വർണം മാറ്റി വാങ്ങുമ്പോൾ ഒരേ ജുവലറിയെ തിരഞ്ഞെടുക്കുന്നതാണ് ഉചിതമെന്നാണ് വ്യാപാരികളുടെ നിർദേശം.
കല്ലുപതിച്ച ആഭരണങ്ങൾ വാങ്ങുമ്പോൾ ജാഗ്രത
രത്നങ്ങളും മറ്റ് കല്ലുകളും പതിപ്പിച്ച ആഭരണങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ആഭരണങ്ങൾ തിരികെ വിൽക്കുമ്പോൾ കല്ലുകളുടെ ഭാരം കുറച്ചശേഷം സ്വർണത്തിന്റെ യഥാർഥ തൂക്കത്തിനനുസരിച്ചായിരിക്കും പണം ലഭിക്കുക.
അതിനാൽ ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണത്തിന്റെ തൂക്കം, കല്ലുകളുടെ ഭാരം, പണിക്കൂലി തുടങ്ങിയ വിവരങ്ങൾ കൃത്യമായി പരിശോധിക്കണം. വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വർണം വാങ്ങാനെത്തുന്ന പ്രവാസികൾ ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വ്യാപാരികളുടെ നിർദേശം.





