
ദുബായ്: യുഎഇയിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്ന ഡോക്ടർമാർക്കും ചില അവശ്യ സേവന വാഹനങ്ങൾക്കും റോഡുകളിൽ പ്രത്യേക മുൻഗണന അനുവദിച്ച് പുതിയ മന്ത്രിതല തീരുമാനം. അംഗീകൃത ഡ്രൈവർമാർക്ക് നിശ്ചിത സാഹചര്യങ്ങളിൽ മൂന്ന് ട്രാഫിക് നിയമങ്ങളിൽ ഇളവ് ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ സേവനം എത്തിക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.
അറബിക് ദിനപത്രമായ അൽ ഖലീജ് റിപ്പോർട്ട് പ്രകാരം, ബിൽറ്റ്-അപ്പ് ഏരിയകൾക്ക് പുറത്തുള്ള റോഡുകളിൽ അനുവദനീയമായ വേഗപരിധിയേക്കാൾ മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വരെ അധിക വേഗത്തിൽ സഞ്ചരിക്കാൻ അംഗീകൃത വാഹനങ്ങൾക്ക് അനുമതിയുണ്ട്. ഗതാഗതക്കുരുക്കുള്ളപ്പോൾ അടിയന്തര വാഹനങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ള റോഡ് ഷോൾഡറുകളും പ്രത്യേക ലെയ്നുകളും ഉപയോഗിക്കാനും നിയുക്ത ബസ് പാതകളിലൂടെ സഞ്ചരിക്കാനും അനുമതിയുണ്ട്.
എന്നാൽ ഈ ഇളവുകൾ എല്ലാവർക്കും ബാധകമല്ല. ഔദ്യോഗികമായി അംഗീകാരം ലഭിച്ച ഡ്രൈവർമാർക്കും വാഹനങ്ങൾക്കും മാത്രമാണ് പ്രത്യേക പരിഗണന ലഭിക്കുക.
റോഡുകളിൽ മുൻഗണന ലഭിക്കുന്ന സേവനങ്ങൾ
പുതിയ തീരുമാനത്തിൽ നാല് വിഭാഗത്തിലുള്ള അവശ്യ സേവനങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
- ഡോക്ടർമാർ അടിയന്തര മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ.
- സർക്കാർ സ്ഥാപനങ്ങളോ അവയുടെ കരാറുകാരോ നടത്തുന്ന പൊതുറോഡ് സേവന വാഹനങ്ങൾ.
- അപകടം സംഭവിച്ച സ്ഥലത്തേക്കോ തകരാറിലായ വാഹനങ്ങളിലേക്കോ പോകുന്ന വാഹന വീണ്ടെടുക്കൽ സേവനങ്ങൾ.
- ഗതാഗത അപകടങ്ങളുടെ സ്ഥലപരിശോധനയും മാപ്പിങ്ങും നടത്തുന്ന സേവന വാഹനങ്ങൾ.
ഭാഗികമായോ പൂർണമായോ റോഡ് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യങ്ങൾ, ഗതാഗതക്കുരുക്ക്, അടിയന്തര സാഹചര്യങ്ങൾ, പ്രതികൂല കാലാവസ്ഥ, ഗതാഗത അപകടങ്ങൾ എന്നിവയുള്ളപ്പോൾ ഈ വാഹനങ്ങൾക്ക് മുൻഗണന ഉപയോഗിക്കാം.
ഡോക്ടർമാർക്കും പ്രത്യേക പരിഗണന
ആശുപത്രികളിലെ അടിയന്തര മെഡിക്കൽ പ്രതികരണ സേവനങ്ങൾക്കും രോഗികളെ സ്വീകരിക്കുന്നതിന് അംഗീകാരം ലഭിച്ച ആരോഗ്യകേന്ദ്രങ്ങൾക്കും വേണ്ടി അടിയന്തരമായി യാത്ര ചെയ്യുന്ന ഡോക്ടർമാർക്കും ഈ ആനുകൂല്യം ബാധകമാണ്.
മെഡിക്കൽ അടിയന്തര സാഹചര്യങ്ങളിലും ഒരു എമിറേറ്റിൽ നിന്ന് മറ്റൊന്നിലേക്ക് ഡോക്ടറെ അടിയന്തരമായി വിളിച്ചുവരുത്തുന്ന സാഹചര്യങ്ങളിലും പ്രത്യേക റോഡ് മുൻഗണന ഉപയോഗിക്കാം.
മൂന്ന് ട്രാഫിക് നിയമങ്ങളിൽ ഇളവ്
അംഗീകൃത ഡ്രൈവർമാർക്ക് താഴെ പറയുന്ന മൂന്ന് കാര്യങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്:
- ബിൽറ്റ്-അപ്പ് ഏരിയകൾക്ക് പുറത്തുള്ള റോഡുകളിൽ അനുവദനീയമായ വേഗപരിധിയേക്കാൾ മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വരെ അധിക വേഗത്തിൽ സഞ്ചരിക്കാം.
- ഗതാഗതം നിശ്ചലമാകുകയോ വലിയ തിരക്കുണ്ടാകുകയോ ചെയ്യുമ്പോൾ അടിയന്തര വാഹനങ്ങൾക്കായി നീക്കിവെച്ച റോഡ് ഷോൾഡറുകളും പ്രത്യേക ലെയ്നുകളും ഉപയോഗിക്കാം.
- നിയുക്ത ബസ് പാതകളിലൂടെ സഞ്ചരിക്കാം.
എന്നാൽ ഔദ്യോഗിക അനുമതിയും തീരുമാനത്തിൽ വ്യക്തമാക്കിയ സുരക്ഷാ വ്യവസ്ഥകളും പാലിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ ഈ ഇളവുകൾ ലഭിക്കൂ.
അംഗീകൃത ഡ്രൈവർമാർ പാലിക്കേണ്ട ആറ് നിബന്ധനകൾ
റോഡ് മുൻഗണന ഉപയോഗിക്കാൻ അനുമതിയുള്ള വാഹനങ്ങളുടെ ഡ്രൈവർമാർ ആറ് പ്രധാന നിബന്ധനകൾ പാലിക്കണം.
- ട്രാഫിക് എൻഫോഴ്സ്മെന്റ് അല്ലെങ്കിൽ ലൈസൻസിങ് അതോറിറ്റി അംഗീകരിച്ച പരിശീലന കോഴ്സ് പൂർത്തിയാക്കിയിരിക്കണം.
- ആവശ്യമായ ഔദ്യോഗിക പെർമിറ്റ് ലഭിച്ചിരിക്കണം. അനുമതിയില്ലാതെ പ്രത്യേക മുന്നറിയിപ്പ് അടയാളങ്ങൾ ഉപയോഗിക്കരുത്.
- എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുകയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.
- ചുവന്ന ട്രാഫിക് സിഗ്നൽ മറികടക്കാൻ പാടില്ല.
- ആംബുലൻസ്, പൊലീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര വാഹനങ്ങൾക്കും രോഗികളെയും പരിക്കേറ്റവരെയും കൊണ്ടുപോകുന്ന വാഹനങ്ങൾക്കും വഴിമാറണം.
- സ്കൂളുകൾ, ആശുപത്രികൾ, താമസമേഖലകൾ എന്നിവയ്ക്ക് സമീപമുള്ള വേഗപരിധികൾ കൃത്യമായി പാലിക്കണം.
ഡോക്ടർമാർക്ക് അനുമതി ലഭിക്കാനുള്ള നാല് വ്യവസ്ഥകൾ
അടിയന്തര മെഡിക്കൽ പ്രതികരണ സേവനത്തിനായി റോഡ് മുൻഗണന തേടുന്ന ഡോക്ടർമാർ നാല് നിബന്ധനകൾ പാലിക്കണം.
- സേവനത്തിനായി അംഗീകരിച്ചിട്ടുള്ള അവശ്യ മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ ഉൾപ്പെട്ടിരിക്കണം.
- ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിരിക്കണം.
- ട്രാഫിക് എൻഫോഴ്സ്മെന്റ് അല്ലെങ്കിൽ ലൈസൻസിങ് അതോറിറ്റി അംഗീകരിച്ച പരിശീലനം പൂർത്തിയാക്കിയിരിക്കണം.
- സേവനം ഉപയോഗിക്കുന്നതിനുള്ള അനുമതിയും യുഎഇയിൽ സാധുവായ മെഡിക്കൽ ലൈസൻസും ഉണ്ടായിരിക്കണം.
ഓപ്പറേഷൻസ് റൂമിനെ അറിയിക്കണം
അംഗീകൃത അവശ്യ സേവന വാഹനങ്ങൾ റോഡ് മുൻഗണന ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ ബന്ധപ്പെട്ട ഓപ്പറേഷൻസ് റൂമിനെ വിവരം അറിയിക്കണം. കൂടാതെ ട്രാഫിക് എൻഫോഴ്സ്മെന്റ് അതോറിറ്റിയിൽനിന്ന് ആവശ്യമായ അനുമതിയും നേടിയിരിക്കണം.
അടിയന്തര സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനൊപ്പം മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.





