
ഖത്തറിലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അധികാരങ്ങളും ചുമതലകളും ജനറൽ അതോറിറ്റി ഫോർ ഫുഡ് സേഫ്റ്റിക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 2026ലെ അമീരി ഡിക്രി നമ്പർ 41 പ്രകാരം അതോറിറ്റി സ്ഥാപിച്ചതിന് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഏകീകൃതവും കാര്യക്ഷമവുമായ ദേശീയ സംവിധാനം രൂപീകരിക്കുകയാണ് പുതിയ അതോറിറ്റിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും മേൽനോട്ട സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനും പുതിയ സംവിധാനം സഹായകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനും പുതിയ അതോറിറ്റിയുടെ രൂപീകരണം പ്രധാന ചുവടുവയ്പ്പാണെന്ന് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് പറഞ്ഞു. ആരോഗ്യകരവും സുരക്ഷിതവുമായ ഭാവിക്കായി ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ അതോറിറ്റിയുടെ രൂപീകരണമെന്ന് മന്ത്രാലയം വിലയിരുത്തി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ ഒരു സ്ഥാപനത്തിന് കീഴിൽ ഏകോപിപ്പിക്കുന്നതിലൂടെ നിയന്ത്രണ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇത് ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനും രാജ്യത്ത് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും സഹായിക്കും.
ഭക്ഷ്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും ഭക്ഷണം സുരക്ഷിതമാണെന്നും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണെന്നും ഉറപ്പാക്കുക എന്നതാണ് അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്തം. ഭക്ഷ്യസുരക്ഷാ നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുക, ഭക്ഷണവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുക, ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണത്തിനായി ഉയർന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ നടപ്പാക്കുക എന്നിവയും അതോറിറ്റിയുടെ ചുമതലകളിൽ ഉൾപ്പെടും.
അധികാരങ്ങളും ഉത്തരവാദിത്തങ്ങളും കൈമാറുന്നതിനുള്ള നടപടികൾ അംഗീകൃത ചട്ടക്കൂടുകൾക്ക് അനുസൃതമായി പൂർത്തിയാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ അതോറിറ്റിയുമായും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും ഏകോപനം തുടരുകയാണ്.
അധികാര കൈമാറ്റ കാലയളവിൽ പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം ഉറപ്പുനൽകി. സുഗമമായ പരിവർത്തനത്തിലൂടെ പുതിയ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ആരംഭിക്കുകയും അതിന്റെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്ന നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.





