
Qatar Recalls All Batches of ISOTEARS-Plus Eye Drops ദോഹ: ഖത്തറിൽ വിപണിയിലുള്ള ISOTEARS-Plus കണ്ണുതുള്ളി മരുന്നിന്റെ എല്ലാ ബാച്ചുകളും തിരിച്ചുവിളിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. മരുന്ന് നിർമിക്കുന്ന സ്ഥാപനത്തിലെ ഡാറ്റാ സമഗ്രതയിലും അണുവിമുക്തമായ ഉൽപ്പാദന നടപടികളിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരുന്ന് വാങ്ങിയവർ ഉടൻ ഉപയോഗം നിർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
സോഡിയം കാർബോക്സിമെഥൈൽ സെല്ലുലോസ് 0.5 ശതമാനം അടങ്ങിയ ലൂബ്രിക്കന്റ് കണ്ണുതുള്ളി മരുന്നാണ് ISOTEARS-Plus. കണ്ണിലെ വരൾച്ച മൂലമുണ്ടാകുന്ന അസ്വസ്ഥത, എരിച്ചിൽ, പ്രകോപനം എന്നിവയ്ക്ക് താൽക്കാലിക ആശ്വാസം നൽകാനാണ് ഇത് ഉപയോഗിക്കുന്നത്.
നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനകളിലാണ് മരുന്നിന്റെ ഡാറ്റാ രേഖകളുമായി ബന്ധപ്പെട്ടും അണുവിമുക്തമായ ഉൽപ്പാദന പ്രക്രിയകളുമായി ബന്ധപ്പെട്ടും ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപണിയിലുള്ള മരുന്നിന്റെ മുഴുവൻ ബാച്ചുകളും തിരിച്ചുവിളിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
ഇതിന് മൂന്ന് ദിവസം മുമ്പ്, നവംബർ 4ന്, ഇതേ കാരണങ്ങളാൽ Clasgen 0.05% കണ്ണുതുള്ളി മരുന്നിന്റെ എല്ലാ ബാച്ചുകളും ഖത്തർ ആരോഗ്യ മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു. രണ്ട് മരുന്നുകളുടെയും തിരിച്ചുവിളിക്കൽ നടപടികൾ തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
രോഗികളുടെ സുരക്ഷയും രാജ്യത്തെ വിപണിയിലെ മരുന്നുകളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്ന് കൈവശമുള്ളവർ അത് ഉപയോഗിക്കാതെ ആരോഗ്യവിദഗ്ധരുടെയോ ഫാർമസിസ്റ്റിന്റെയോ നിർദേശം തേടണം.





