
Kuwait Develops Advanced Polymer Fibres കുവൈത്ത് സിറ്റി: നിർമാണ മേഖലയ്ക്ക് ഗുണകരമാകുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR). കോൺക്രീറ്റിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും വിള്ളലുകൾക്കും ആഘാതങ്ങൾക്കും എതിരെയുള്ള പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമായി പ്രത്യേക സിന്തറ്റിക് പോളിമർ നാരുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്. പോളിപ്രൊപ്പിലീൻ, പോളിഎത്തിലീൻ എന്നീ വസ്തുക്കൾ ഉപയോഗിച്ചാണ് പുതിയ നാരുകൾ നിർമ്മിച്ചിരിക്കുന്നത്.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ഞായറാഴ്ചയാണ് ഗവേഷണ പദ്ധതി പൂർത്തിയായതായി പ്രഖ്യാപിച്ചത്. സ്ഥാപനത്തിന്റെ പെട്രോളിയം റിസർച്ച് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പാക്കിയത്. പെട്രോകെമിക്കൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി പ്രോഗ്രാം ഡയറക്ടർ ഡോ. സലാഹ് അൽ എനേസിയുടെ നേതൃത്വത്തിൽ എക്വേറ്റ് പെട്രോകെമിക്കൽ കമ്പനിയുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ (KFAS) പിന്തുണയും പദ്ധതിക്ക് ലഭിച്ചു.
കോൺക്രീറ്റിന്റെ പ്രതിരോധശേഷി വർധിപ്പിക്കും
പോളിപ്രൊപ്പിലീൻ, ലീനിയർ ലോ ഡെൻസിറ്റി പോളിഎത്തിലീൻ (PP/LLDPE) എന്നിവയുടെ മിശ്രിതത്തിൽ നിന്നാണ് പുതിയ പോളിമർ നാരുകൾ വികസിപ്പിച്ചത്. ഇവ കോൺക്രീറ്റിൽ ചേർത്ത് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.
പരീക്ഷണങ്ങളിൽ നാരുകൾ ചേർത്ത കോൺക്രീറ്റിന് ആഘാതങ്ങളെ ചെറുക്കാനുള്ള ശേഷി വർധിച്ചതായി കണ്ടെത്തി. കോൺക്രീറ്റിൽ വിള്ളലുകൾ രൂപപ്പെട്ടതിനുശേഷവും കൂടുതൽ ഭാരം താങ്ങാനുള്ള ശേഷിയും മെച്ചപ്പെട്ട ദൃഢതയും ഇതിലൂടെ ലഭിക്കുന്നുണ്ട്. അതേസമയം, കോൺക്രീറ്റിന്റെ കംപ്രസ്സീവ് സ്ട്രെങ്തിൽ (ഞെരുക്കബലം) ഈ നാരുകൾക്ക് പരിമിതമായ സ്വാധീനം മാത്രമാണ് കണ്ടെത്തിയത്.
കോൺക്രീറ്റിൽ വിള്ളലുകൾ രൂപപ്പെടുമ്പോൾ അവയുടെ ഇരുവശങ്ങളെയും ബന്ധിപ്പിച്ചുനിർത്താൻ നാരുകൾ സഹായിക്കുന്നു. ഇതുവഴി വിള്ളലുകൾക്കുശേഷമുള്ള ഘടനയുടെ സ്ഥിരതയും ഭാരം താങ്ങാനുള്ള ശേഷിയും മെച്ചപ്പെടുത്താൻ സാധിക്കും.
നിർമാണ മേഖലയിൽ വ്യാപകമായ ഉപയോഗസാധ്യത
വ്യാവസായിക നിലങ്ങൾ, റോഡുകളിലെ നടപ്പാതകൾ, മുൻകൂട്ടി നിർമ്മിക്കുന്ന കോൺക്രീറ്റ് ഘടകങ്ങൾ (Precast Concrete Elements) എന്നിവയിൽ പുതിയ പോളിമർ നാരുകൾ ഉപയോഗിക്കാൻ കഴിയുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
നിർമാണ മേഖലയ്ക്ക് ആവശ്യമായ പ്രത്യേക എൻജിനീയറിങ് ഉൽപ്പന്നങ്ങളാക്കി പ്രാദേശികമായി ലഭ്യമായ പോളിമറുകളെ മാറ്റിയെടുക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. ഇതിലൂടെ പ്രാദേശിക അസംസ്കൃത വസ്തുക്കളുടെ മൂല്യവർധന സാധ്യമാക്കുന്നതിനൊപ്പം രാജ്യത്തെ വ്യവസായ മേഖലയ്ക്കും പിന്തുണ നൽകാനാകും.
പുതിയ നാരുകളുടെ ഉപയോഗം കോൺക്രീറ്റ് ഘടനകളുടെ ദൃഢതയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിർമാണ മേഖലയിലെ വിവിധ ആവശ്യങ്ങൾക്കനുസരിച്ച് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള സാധ്യതകളും ഗവേഷണത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര ശാസ്ത്ര ജേണലിലേക്ക് ഗവേഷണഫലം
പദ്ധതിയുടെ കണ്ടെത്തലുകൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്ര ജേണലായ Journal of Building Engineering-ൽ പ്രസിദ്ധീകരിക്കുന്നതിനായി സമർപ്പിച്ചിട്ടുണ്ട്.
ശാസ്ത്ര-സാങ്കേതിക രംഗത്ത് നൂതന പരിഹാരങ്ങൾ വികസിപ്പിക്കുക, പ്രാദേശികമായി ലഭ്യമായ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക, ഗവേഷണ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
കുവൈത്തിലെ നിർമാണ-വ്യവസായ മേഖലകളുടെ വികസനത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും പുതിയ ഗവേഷണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.





