
Kuwait Introduces New Vehicle Insurance കുവൈത്ത് സിറ്റി: വാഹനങ്ങളുടെ സമഗ്ര ഇൻഷുറൻസ് (Comprehensive Vehicle Insurance) പോളിസികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്. ഇൻഷുറൻസ് പോളിസി എടുത്തശേഷം വാഹനത്തിന്റെ ഇൻഷ്വേർഡ് മൂല്യം പുനർനിർണയിച്ച് നഷ്ടപരിഹാരത്തുക കുറയ്ക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഇനി അനുവാദമുണ്ടാകില്ല. പോളിസി അനുവദിക്കുന്ന സമയത്ത് നിശ്ചയിച്ച മൂല്യമായിരിക്കും നഷ്ടപരിഹാരം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം.
പുതിയ തീരുമാനപ്രകാരം, യോഗ്യതയുള്ള ഇൻഷുറൻസ് കമ്പനികൾക്ക് സമഗ്ര ഇൻഷുറൻസ് പോളിസികളിൽ ക്യുആർ കോഡ് (QR Code) സംവിധാനം നടപ്പിലാക്കാൻ 90 ദിവസത്തെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്. ഇൻഷുറൻസ് പോളിസികളിലെ വ്യവസ്ഥകളിൽ അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടെങ്കിൽ അത് ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അനുകൂലമായി വ്യാഖ്യാനിക്കണമെന്നും നിർദേശമുണ്ട്.
ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സുപ്രീം കമ്മിറ്റി ചെയർമാൻ മുഹമ്മദ് സുലൈമാൻ അൽ ഒതൈബി പുറപ്പെടുവിച്ച 2026-ലെ 53-ാം നമ്പർ തീരുമാനത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
പോളിസി എടുത്തശേഷം നഷ്ടപരിഹാരം കുറയ്ക്കാനാകില്ല
പുതിയ നിയമപ്രകാരം, ഇൻഷുറൻസ് പോളിസി നൽകിയശേഷമോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന അപകടം സംഭവിച്ചശേഷമോ വാഹനത്തിന്റെ മൂല്യം വീണ്ടും വിലയിരുത്താൻ കമ്പനികൾക്ക് കഴിയില്ല. അപകടം സംഭവിക്കുന്ന സമയത്തെ വാഹനത്തിന്റെ വിപണിമൂല്യം അടിസ്ഥാനമാക്കി നഷ്ടപരിഹാരം കുറയ്ക്കാനും അനുവാദമില്ല.
പോളിസി നൽകുന്ന സമയത്ത് ഇൻഷുറൻസ് കമ്പനിയും ഉപഭോക്താവും തമ്മിൽ അംഗീകരിച്ച വാഹനത്തിന്റെ ഇൻഷ്വേർഡ് മൂല്യമായിരിക്കും നഷ്ടപരിഹാരം കണക്കാക്കാൻ ഉപയോഗിക്കുക.
ഇൻഷുറൻസ് കമ്പനികൾ നിലവിലുള്ള ഇൻഷുറൻസ് കരാറുകൾ അനുസരിച്ചോ റെഗുലേറ്ററി യൂണിറ്റിന്റെ അംഗീകാരമുള്ള ആക്ച്വറിയുടെ (Actuary) അനുമതിയോടെയോ പോളിസികളുടെ പ്രീമിയം നിശ്ചയിക്കണം. നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കിനേക്കാൾ താഴെയാകരുത് ഇൻഷ്വേർഡ് മൂല്യം.
ലൈസൻസുള്ള കമ്പനികൾക്ക് മാത്രമേ പോളിസി നൽകാനാകൂ
ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ ലൈസൻസും സമഗ്ര ഇൻഷുറൻസ് പോളിസികൾ നൽകുന്നതിനുള്ള അംഗീകൃത കമ്പനികളുടെ പട്ടികയിൽ ഇടവും ഉള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഇത്തരം പോളിസികൾ നൽകാനും വിപണനം ചെയ്യാനും കഴിയൂ.
അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ ലക്ഷ്യത്തെയോ വ്യാപ്തിയെയോ ബാധിക്കുന്ന തരത്തിൽ പുതിയ ഒഴിവാക്കൽ വ്യവസ്ഥകളോ (Exclusions) അധിക കിഴിവുകളോ (Deductibles) ഉൾപ്പെടുത്താനും കമ്പനികൾക്ക് വിലക്കുണ്ട്.
വാഹന പരിശോധന നിർബന്ധം
ഇൻഷുറൻസ് പോളിസി അനുവദിക്കുന്നതിന് മുമ്പ് വാഹനങ്ങൾ പരിശോധിക്കുകയും ചിത്രങ്ങൾ പകർത്തി സൂക്ഷിക്കുകയും വേണം. വാഹന പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് നൽകുകയും വേണം.
കൂടാതെ, അപകടത്തിൽപ്പെട്ട വാഹനം അറ്റകുറ്റപ്പണി നടത്തുന്നത് അംഗീകൃത ഡീലർഷിപ്പിലാണോ അതോ അംഗീകൃത റിപ്പയർ വർക്ക്ഷോപ്പിലാണോ എന്ന കാര്യം പോളിസിയിൽ വ്യക്തമായി രേഖപ്പെടുത്തണം.
പോളിസി റദ്ദാക്കിയാൽ ബാക്കി തുക തിരികെ നൽകണം
ഇൻഷുറൻസ് കമ്പനി പോളിസി റദ്ദാക്കുകയാണെങ്കിൽ ഉപയോഗിക്കാത്ത കാലയളവിലേക്കുള്ള പ്രീമിയം തുക ഉപഭോക്താവിന് തിരികെ നൽകണം.
കമ്പനിയോ ഇൻഷുറൻസ് എടുത്ത വ്യക്തിയോ പോളിസി റദ്ദാക്കുന്നത് രേഖാമൂലമുള്ള അറിയിപ്പിലൂടെയായിരിക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
വാഹനം ടോട്ടൽ ലോസ് ആയി പ്രഖ്യാപിക്കുന്നതിനും നിയന്ത്രണം
വാഹനത്തെ ടോട്ടൽ ലോസ് (Total Loss) ആയി കണക്കാക്കുന്നതിനും പുതിയ ചട്ടങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി പൂർണമായി നശിച്ച സാഹചര്യമോ സാമ്പത്തികമായി ഭാഗിക നഷ്ടം സംഭവിച്ച സാഹചര്യമോ ഉൾപ്പെടെ ചട്ടങ്ങളിൽ വ്യക്തമാക്കിയ നിബന്ധനകൾ പാലിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ വാഹനം ടോട്ടൽ ലോസ് ആയി പ്രഖ്യാപിക്കാനാകൂ.
വാഹനത്തിന്റെ അവശിഷ്ടങ്ങൾ (Salvage) നീക്കം ചെയ്യുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മുമ്പ് അവയുടെ രേഖപ്പെടുത്തലും മൂല്യനിർണയവും നിർബന്ധമാണ്.
എല്ലാ പോളിസികൾക്കും ക്യുആർ കോഡ്
ഇൻഷുറൻസ് രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ പോളിസികൾ കൈകാര്യം ചെയ്യുന്നതിനുമായാണ് ക്യുആർ കോഡ് സംവിധാനം നിർബന്ധമാക്കുന്നത്.
പുതിയ ചട്ടപ്രകാരം, യോഗ്യതയുള്ള ഇൻഷുറൻസ് കമ്പനികൾ 90 ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് ഇൻഷുറൻസ് രേഖകളിൽ ക്യുആർ കോഡ് സംവിധാനം പ്രവർത്തനക്ഷമമാക്കണം. ഇതിലൂടെ ഇൻഷുറൻസ് പോളിസികളുടെ പരിശോധനയും വിവരങ്ങളുടെ കൃത്യത ഉറപ്പാക്കലും കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.





