
Qatar weather alert November : ദോഹ: ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം വടക്കൻ അറേബ്യൻ ഉപദ്വീപിനെ ബാധിക്കുമെന്നും ഇതിന്റെ ഫലമായി മേഖലയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്ന് പുലർച്ചെ ഖത്തറിന്റെ വടക്കൻ പ്രദേശങ്ങളിലും കടലിലും ക്യുമുലോനിംബസ് (Cumulonimbus) മേഘങ്ങൾ രൂപപ്പെട്ടിരുന്നു. രാവിലെ വരെ ഇവയുടെ സാന്നിധ്യം നിരീക്ഷിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തർ മെറ്റീരിയോളജി എക്സിൽ (X) പങ്കുവെച്ച വീഡിയോയിൽ കാലാവസ്ഥാ പ്രവചകൻ മുഹമ്മദ് അൽ ഷമ്മരി കാലാവസ്ഥാ സാഹചര്യം വിശദീകരിച്ചു. ഉച്ചകഴിഞ്ഞ് മുതൽ വൈകിട്ട് 4 മണി വരെ ആകാശം മേഘാവൃതമായി തുടരുമെന്നാണ് പ്രവചനം.
ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത
മഴയുടെ അളവ് പൊതുവെ നേരിയതോ മിതമായതോ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കിടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ശക്തമായ താഴേക്കുള്ള കാറ്റിനും (Downdraft) സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചകൻ മുന്നറിയിപ്പ് നൽകി.
തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കണം
മഴയും ഇടിമിന്നലും ഉണ്ടാകുന്ന സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കാലാവസ്ഥാ സാഹചര്യം പൂർണമായും അവസാനിക്കുന്നതുവരെ തുറസ്സായ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം.
കാലാവസ്ഥയിലെ മാറ്റങ്ങൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾക്കായി ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഔദ്യോഗിക വെബ്സൈറ്റ്, ഖത്തർ മെറ്റീരിയോളജി ആപ്പ് എന്നിവ പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.





