
Online scams in Kuwait കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകളും മറ്റ് സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പരസ്യങ്ങൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയിലൂടെ പണം തട്ടുന്ന സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ജനങ്ങളിൽ അവബോധം വളർത്തുന്നതിനുമായി മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ ബോധവൽക്കരണ പരിപാടികൾ മന്ത്രാലയം നടപ്പിലാക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വകുപ്പ് ഡയറക്ടർ കേണൽ ഒത്മാൻ അൽ മൻസൂരി അറിയിച്ചു.
‘ഗുഡ് മോർണിംഗ് കുവൈറ്റ്’ എന്ന ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉണ്ടായിട്ടും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനാൽ നിരവധി പേർ ഇപ്പോഴും ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയുടെ വളർച്ചയും സോഷ്യൽ മീഡിയയുടെയും സ്മാർട്ട് ഉപകരണങ്ങളുടെയും വ്യാപകമായ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളുടെ രീതികളിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. തട്ടിപ്പുകാർ പുതിയ മാർഗങ്ങൾ ഉപയോഗിക്കുന്നതിനാൽ സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ഹോട്ടൽ ബുക്കിങ്ങിലൂടെ പണം തട്ടുന്നു
യാത്രകൾ, ഹോട്ടൽ മുറികൾ, അവധിക്കാല താമസകേന്ദ്രങ്ങൾ എന്നിവയുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് സാധാരണയായി കണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഇത്തരം തട്ടിപ്പുകൾ വർധിക്കാം.
പ്രശസ്തമായ ടൂറിസം സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പേരും രൂപവും അനുകരിച്ച് തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾ നിർമിക്കുന്നു. ഇത്തരം സൈറ്റുകളിലൂടെ ഹോട്ടൽ മുറികളോ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ താമസസൗകര്യങ്ങളോ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ പണം കൈമാറാൻ പ്രേരിപ്പിക്കുന്നു. പണം നൽകിയ ശേഷമാണ് പലരും തട്ടിപ്പിനിരയായെന്ന് തിരിച്ചറിയുന്നത്.
സോഷ്യൽ മീഡിയയിലെ വ്യാജ വിൽപ്പന പരസ്യങ്ങൾ
ഓൺലൈൻ തട്ടിപ്പുകൾ ഹോട്ടൽ ബുക്കിങ്ങുകളിൽ മാത്രം ഒതുങ്ങുന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വാങ്ങൽ, വിൽപ്പന ഇടപാടുകളിലൂടെയും തട്ടിപ്പുകൾ നടക്കുന്നുണ്ട്.
യഥാർഥത്തിൽ ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങളും സാധനങ്ങളും വിൽപ്പനയ്ക്ക് വെച്ചതായി പരസ്യം നൽകിയാണ് തട്ടിപ്പുകാർ പണം കൈക്കലാക്കുന്നത്. പണം കൈമാറിയശേഷം ഉൽപ്പന്നം ലഭിക്കാതാകുമ്പോഴാണ് ഉപഭോക്താക്കൾ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കുന്നത്.
വാഹന വിൽപ്പന പരസ്യങ്ങളിലും സമാനമായ തട്ടിപ്പുകൾ നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. വിപണിവിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കാറുകൾ വിൽക്കാനുണ്ടെന്ന് കാണിച്ച് ആളുകളെ ആകർഷിക്കുന്ന രീതിയും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്.
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വെബ്സൈറ്റുകളുടെയും വിൽപ്പനക്കാരുടെയും വിശ്വാസ്യത ഉറപ്പാക്കണമെന്നും പണം കൈമാറുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തണമെന്നും അധികൃതർ നിർദേശിച്ചു.





