
Hamad Hospital Opens Specialised Oxygen Therapy Clinic ദോഹ: ഓക്സിജൻ ചികിത്സ ആവശ്യമുള്ള രോഗികളെ കണ്ടെത്തുന്നതിനും അവർക്ക് ആവശ്യമായ ചികിത്സ നിർണയിക്കുന്നതിനുമായി ഹമദ് മെഡിക്കൽ കോർപ്പറേഷനു (HMC) കീഴിലുള്ള ഹമദ് ജനറൽ ആശുപത്രിയിൽ പ്രത്യേക ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ അസസ്മെന്റ് ക്ലിനിക് (Oxygen Assessment Clinic) എന്ന പേരിലാണ് പുതിയ ചികിത്സാ വിഭാഗം ആരംഭിച്ചിരിക്കുന്നത്.
രക്തത്തിലെ ഓക്സിജന്റെ അളവ് തുടർച്ചയായി കുറയുന്ന രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തി അവർക്ക് ഓക്സിജൻ ചികിത്സ ആവശ്യമുണ്ടോ എന്ന് നിർണയിക്കുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. രോഗിയുടെ ആരോഗ്യസ്ഥിതിയും വിവിധ മെഡിക്കൽ പരിശോധനാ ഫലങ്ങളും അടിസ്ഥാനമാക്കിയാണ് ചികിത്സ സംബന്ധിച്ച തീരുമാനമെടുക്കുക.
ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (COPD), ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ്, പൾമണറി ഫൈബ്രോസിസ് തുടങ്ങിയ ദീർഘകാല ശ്വാസകോശ രോഗങ്ങളുള്ളവർക്ക് ക്ലിനിക്കിന്റെ സേവനം ലഭിക്കും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം വീട്ടിൽ ഓക്സിജൻ ചികിത്സ തുടരുന്ന രോഗികൾക്കും ചികിത്സ ഇനിയും ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യമുണ്ടാകും.
രോഗിയുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് ഓക്സിജന്റെ ആവശ്യം കാലക്രമേണ മാറാൻ സാധ്യതയുണ്ടെന്ന് ഹമദ് ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. മോന മുഹമ്മദ് വ്യക്തമാക്കി. രോഗം പുരോഗമിക്കുന്നതിനോ അസുഖത്തിൽനിന്ന് സുഖം പ്രാപിക്കുന്നതിനോ അനുസരിച്ച് ഓക്സിജന്റെ ആവശ്യകതയിൽ മാറ്റമുണ്ടാകാമെന്നും അവർ ചൂണ്ടിക്കാട്ടി.
ശ്വാസകോശ രോഗമുണ്ടെന്നതുകൊണ്ടോ ശ്വാസതടസ്സം അനുഭവപ്പെടുന്നതുകൊണ്ടോ മാത്രം ഒരാൾക്ക് ഓക്സിജൻ ചികിത്സ ആവശ്യമാണെന്ന് കരുതാനാകില്ല. ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതി വിശദമായി പരിശോധിച്ചശേഷം മാത്രമേ ചികിത്സ നിർണയിക്കാവൂ. അതിനാൽ കൃത്യമായ പരിശോധനയും തുടർനിരീക്ഷണവും പ്രധാനമാണെന്നും ഡോക്ടർ വിശദീകരിച്ചു.
രോഗികളുടെ ഓക്സിജൻ ആവശ്യകത വിലയിരുത്തുന്നതിനായി ക്ലിനിക്കിൽ വിവിധ പരിശോധനകൾ നടത്തും. രോഗിയുടെ മുൻകാല മെഡിക്കൽ വിവരങ്ങൾ, നിലവിലെ രോഗലക്ഷണങ്ങൾ, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ പരിശോധിക്കുന്നതിനൊപ്പം വിശ്രമാവസ്ഥയിലെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളവും പരിശോധിക്കും. ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് (ABG) പരിശോധനയും ഇതിന്റെ ഭാഗമാണ്.
കൂടാതെ ആറു മിനിറ്റ് നടത്ത പരിശോധനയിലൂടെ ശാരീരിക പ്രവർത്തനങ്ങൾക്കിടയിൽ ഓക്സിജൻ നിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തും. ആവശ്യമായ സാഹചര്യങ്ങളിൽ ഉറക്കത്തിനിടയിലെ ഓക്സിജൻ നിലയും നിരീക്ഷിക്കും. രോഗിക്ക് അനുയോജ്യമായ ഓക്സിജൻ ഉപകരണവും ആവശ്യമായ ഫ്ലോ റേറ്റും നിർണയിക്കുന്നതിനുള്ള പരിശോധനകളും നടത്തും.
പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിലോ ശാരീരിക പ്രവർത്തനങ്ങൾക്കിടയിലോ എത്ര അളവിൽ ഓക്സിജൻ ഉപയോഗിക്കണമെന്ന് മെഡിക്കൽ സംഘം നിർദേശിക്കും. ഓക്സിജൻ ഉപകരണങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും രോഗിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമുണ്ടാകുമ്പോൾ ചികിത്സയിൽ മാറ്റം വരുത്തേണ്ടതോ നിർത്തേണ്ടതോ ആയ സാഹചര്യങ്ങളെക്കുറിച്ചും രോഗികൾക്കും പരിചരിക്കുന്നവർക്കും മാർഗനിർദേശം നൽകും.
ഹമദ് മെഡിക്കൽ കോർപ്പറേഷനു കീഴിലുള്ള ഇന്റേണൽ മെഡിസിൻ വിഭാഗങ്ങളിൽനിന്നും വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽനിന്നുമുള്ള റഫറൽ വഴിയാണ് ക്ലിനിക്കിലേക്ക് രോഗികളെ സ്വീകരിക്കുന്നത്.
ശ്വാസകോശ സംബന്ധമായ രോഗികൾക്ക് കൂടുതൽ കൃത്യവും സുരക്ഷിതവുമായ ചികിത്സ ഉറപ്പാക്കുന്നതിനും ഓക്സിജൻ ചികിത്സയുടെ ആവശ്യകത തുടർച്ചയായി നിരീക്ഷിക്കുന്നതിനുമുള്ള ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്.




