
Kuwait Traffic Restrictions കുവൈത്ത് സിറ്റി: കുവൈത്തിലെ നാലാം റിങ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. നാലാം റിങ് റോഡും ഡമാസ്കസ് സ്ട്രീറ്റും ചേരുന്ന ഭാഗത്തെ മേൽപ്പാലവും സൽമിയ ഭാഗത്തേക്കുള്ള പ്രവേശനത്തിനുള്ള ട്രാഫിക് സിഗ്നലുമാണ് താൽക്കാലികമായി അടച്ചിടുന്നത്.
നവംബർ 11 ബുധനാഴ്ച പുലർച്ചെ മുതൽ നവംബർ 20 വെള്ളിയാഴ്ച പുലർച്ചെ വരെയാണ് നിയന്ത്രണം. റോഡ് അറ്റകുറ്റപ്പണികളും ആവശ്യമായ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, നാലാം റിങ് റോഡും കിങ് ഫൈസൽ റോഡും ചേരുന്ന ഖുർതുബയ്ക്ക് എതിർവശത്തെ ജങ്ഷൻ ഗതാഗതത്തിനായി തുറന്നുകൊടുക്കും.
സബാഹിയയിലും ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഗവ്വാസ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി ഹമദ് അൽ സുവൈർ സ്ട്രീറ്റിലെ (റോഡ് 212) ഒരു പാത അടച്ചിടും. അഹമ്മദിയിലേക്കുള്ള റോഡ് 30 ജങ്ഷൻ മുതൽ പാലത്തിന്റെ തുടക്കം വരെയുള്ള ഭാഗത്താണ് നിയന്ത്രണം. രണ്ട് പാതകൾ വാഹനഗതാഗതത്തിനായി തുറന്നിടും. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിക്കണമെന്നും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ അറിയിച്ചു.





