
കുവൈത്തിൽ 35 പേരുടെ പൗരത്വം റദ്ദാക്കാനുള്ള സുപ്രീം കമ്മിറ്റി ഫോർ കുവൈത്തി സിറ്റിസൺഷിപ്പ് ഇൻവെസ്റ്റിഗേഷന്റെ തീരുമാനം ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ചു. 2026-ലെ 21/112-ാം നമ്പർ ഉത്തരവിലൂടെയാണ് നടപടി പ്രഖ്യാപിച്ചത്. ഔദ്യോഗിക ഗസറ്റിന്റെ പ്രത്യേക സപ്ലിമെന്റിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
1959-ലെ 15-ാം നമ്പർ അമീരി ഉത്തരവിലൂടെ നിലവിൽ വന്ന കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. നിയമത്തിലെ വ്യവസ്ഥ പ്രകാരം, ഒരു കുവൈത്ത് പൗരൻ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാൽ കുവൈത്ത് പൗരത്വം നഷ്ടപ്പെടും.
ഉത്തരവിന്റെ രണ്ടാം അനുച്ഛേദപ്രകാരം, ബന്ധപ്പെട്ട സർക്കാർ അധികാരികൾ അവരവരുടെ അധികാരപരിധിക്കുള്ളിൽ നിന്ന് തീരുമാനം നടപ്പാക്കണം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.





