
കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണസംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കുവൈത്ത് വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ തബ്തബാഇ ഉത്തരവിറക്കി. ഭരണപരമായ നടപടികൾ ലളിതമാക്കുക, ഉദ്യോഗസ്ഥരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പുനഃക്രമീകരിക്കുക, ഒരേ സ്വഭാവത്തിലുള്ള വകുപ്പുകളെയും യൂണിറ്റുകളെയും ലയിപ്പിക്കുക എന്നിവയാണ് പുതിയ പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
പുതിയ ഉത്തരവ് പ്രകാരം മന്ത്രാലയത്തിലെ വിവിധ തലങ്ങളിലുള്ള ഭരണപരമായ തസ്തികകളുടെ എണ്ണം ഗണ്യമായി കുറയും. ജനറൽ മാനേജർ തസ്തികകൾ 14ൽ നിന്ന് 10 ആയി കുറച്ചു. ഇതോടെ ഏകദേശം 28.6 ശതമാനത്തിന്റെ കുറവാണുണ്ടാകുന്നത്.
ഡിപ്പാർട്ട്മെന്റ് മാനേജർ തസ്തികകൾ 72ൽ നിന്ന് 63 ആയും അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർ തസ്തികകൾ 260ൽ നിന്ന് 197 ആയും സെക്ഷൻ ഹെഡ് തസ്തികകൾ 482ൽ നിന്ന് 331 ആയും കുറയ്ക്കും.
ആകെ ഭരണപരമായ തസ്തികകളുടെ എണ്ണം 845ൽ നിന്ന് 613 ആയി കുറയും. അതായത് 232 തസ്തികകളുടെ കുറവ്. ഏകദേശം 27.5 ശതമാനമാണ് ആകെ കുറവ്.
മന്ത്രാലയത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മേൽനോട്ട ചുമതലകൾ ക്രമീകരിക്കുന്നതിനും ജീവനക്കാരുടെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും തുല്യമായി വിതരണം ചെയ്യുന്നതിനുമാണ് പരിഷ്കരണമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലുള്ള ഭരണസംവിധാനത്തിന്റെ പ്രവർത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് മാറ്റങ്ങൾ നടപ്പാക്കിയത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് പുതിയ ഘടന തയ്യാറാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.
നടപടികൾ വേഗത്തിലാക്കും; വകുപ്പുകളുടെ ചുമതലകളിൽ മാറ്റം
ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുക, അനാവശ്യ ഭരണതലങ്ങൾ കുറയ്ക്കുക, തീരുമാനങ്ങൾ വേഗത്തിൽ എടുക്കുക, മേൽനോട്ട-റിപ്പോർട്ടിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ പരിഷ്കരണത്തിന്റെ ലക്ഷ്യങ്ങൾ.
വകുപ്പുകൾക്കിടയിലെ ചുമതലകളുടെ ആവർത്തനവും പരസ്പരമുള്ള അധികാരമത്സരവും ഒഴിവാക്കി വിദ്യാഭ്യാസ-ഭരണ സേവനങ്ങളുടെ നിലവാരം ഉയർത്താനും പുതിയ ഘടന സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ മേഖലയിലും പുനഃസംഘടന
പൊതുവിദ്യാഭ്യാസ മേഖലയിലെ ജനറൽ ഡിപ്പാർട്ട്മെന്റുകളുടെ എണ്ണം അഞ്ചായി കുറച്ചു. മതവിദ്യാഭ്യാസവും പ്രത്യേക വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസ ജനറൽ ഡിപ്പാർട്ട്മെന്റിന് കീഴിൽ ഏകീകരിച്ചു. വിവിധ വിദ്യാഭ്യാസ മേഖലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മേൽനോട്ടം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
പരീക്ഷാ മേൽനോട്ടം, വിദ്യാർഥി കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലകൾ വീണ്ടും വിദ്യാഭ്യാസ ജില്ലകൾക്ക് കൈമാറി. വിദ്യാർഥികളുടെ കാര്യങ്ങളിലും പരീക്ഷകളിലും നേരിട്ട് മേൽനോട്ടം വഹിക്കാനും നടപടിക്രമങ്ങൾ ഏകീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രവർത്തനങ്ങൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സാങ്കേതികവിദ്യകൾ എന്നിവയുടെ മേൽനോട്ടം എജ്യുക്കേഷണൽ സപ്പോർട്ട് സർവീസസ് ജനറൽ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ മേൽനോട്ടം ഏകീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.





