
Qatar Foundation Ranks Second ദോഹ: ഫോർബ്സ് മിഡിൽ ഈസ്റ്റിന്റെ 2026ലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ ഇടംനേടി ഖത്തർ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ, സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ്. ഖത്തറിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഫൗണ്ടേഷന് ലഭിച്ചത്. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ 240 തൊഴിൽദാതാക്കളെ ഉൾപ്പെടുത്തിയാണ് ഫോർബ്സ് മിഡിൽ ഈസ്റ്റ് പട്ടിക തയ്യാറാക്കിയത്.
ജീവനക്കാരുടെ അഭിപ്രായങ്ങളും തൊഴിൽപരമായ അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം. ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളും മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നടപടികളുമാണ് ഖത്തർ ഫൗണ്ടേഷനെ പട്ടികയിൽ ഇടംനേടാൻ സഹായിച്ചത്.
ജീവനക്കാർക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ
വഴക്കമുള്ള ജോലി സമയക്രമം, മെച്ചപ്പെടുത്തിയ രക്ഷാകർതൃ അവധി ആനുകൂല്യങ്ങൾ, സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് എന്നിവ ഖത്തർ ഫൗണ്ടേഷന്റെ പ്രധാന സവിശേഷതകളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഓട്ടിസം പരിചരണം, സ്പീച്ച് തെറാപ്പി, വളർച്ചാ വൈകല്യങ്ങൾക്കുള്ള ചികിത്സ എന്നിവയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുന്നു.
ഖത്തറിനകത്തും വിദേശത്തും തുടർപഠനം നടത്തുന്ന ജീവനക്കാർക്ക് പിന്തുണ നൽകുന്ന പദ്ധതികളും ഫൗണ്ടേഷനിലുണ്ട്. ജീവകാരുണ്യ, സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി ശമ്പളത്തോടെയുള്ള അവധിയും അനുവദിക്കുന്നുണ്ട്.
1.7 ലക്ഷത്തിലധികം ജീവനക്കാരുടെ വിലയിരുത്തൽ
2026ലെ പട്ടിക തയ്യാറാക്കുന്നതിനായി 27 മേഖലകളിൽ നിന്നായി 1,70,000ത്തിലധികം ജീവനക്കാരുടെ രഹസ്യസ്വഭാവം ഉറപ്പാക്കിയ വിലയിരുത്തലുകളാണ് പരിഗണിച്ചത്. മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് അഭിപ്രായങ്ങൾ ശേഖരിച്ചത്. നിലവിലെ തൊഴിലുടമകളെയും മുൻ തൊഴിലുടമകളെയും അതത് മേഖലകളിലെ മറ്റ് സ്ഥാപനങ്ങളെയും കുറിച്ചുള്ള വിലയിരുത്തലുകൾ സർവേയിൽ ഉൾപ്പെടുത്തി. ഖത്തറിലെ പട്ടികയിൽ ഖത്തർ എനർജിയാണ് ഒന്നാം സ്ഥാനത്ത്. ഖത്തർ ഫൗണ്ടേഷന്റെ ഭാഗമായ സിദ്ര മെഡിസിൻ നാലാം സ്ഥാനവും നേടി.
ജീവനക്കാർക്ക് തൊഴിൽപരമായി വളരാനും വ്യക്തിപരമായ ആവശ്യങ്ങൾക്കും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന തൊഴിൽ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ഖത്തർ ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നാസർ മുഹമ്മദ് അൽ ഹജ്രി പ്രതികരിച്ചു. ജീവനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് തൊഴിൽ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.





