Dangerous driving in Kuwait : കുവൈത്തിൽ അപകടകരമായ ഡ്രൈവിങ്: മൂന്ന് പേർ അറസ്റ്റിൽ; കാറുകളും ബൈക്കും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും പൊതുനിരത്തുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത മൂന്ന് പേരെ കുവൈത്ത് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. വിവിധ പ്രദേശങ്ങളിലായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സെക്യൂരിറ്റി മോണിറ്ററിംഗ് വിഭാഗം പ്രതികളെ പിടികൂടിയത്.

റോഡപകടങ്ങൾ തടയുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെയും ഭാഗമായി ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്.

അബ്ദലി മേഖലയിൽ അപകടകരമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് ആദ്യ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

മറ്റൊരു സംഭവത്തിൽ അപകടകരമായ ഡ്രൈവിങ് പുറത്തുവന്ന വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ പ്രതി പിടിയിലായത്. ഇയാളുടെ കാർ കണ്ടെത്തിയ അധികൃതർ ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്ന് വാഹനം കസ്റ്റഡിയിലെടുത്തു.

ജാബർ അൽ അഹ്മദ് മേഖലയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് മൂന്നാമത്തെ പ്രതിയെ പോലീസ് പിടികൂടിയത്. നിയമവിരുദ്ധമായി ഓഫ്‌റോഡ് മോട്ടോർ സൈക്കിൾ ഓടിക്കുകയും പൊതുനിരത്തിൽ അപകടകരമായ അഭ്യാസങ്ങൾ നടത്തുകയും ചെയ്യുകയായിരുന്നു ഇയാൾ.

വാഹനം നിർത്താൻ പോലീസ് നിർദേശിച്ചെങ്കിലും ഇയാൾ അനുസരിക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ട്രാഫിക് പട്രോൾ വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പിന്തുടരലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

മൂന്ന് പ്രതികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവങ്ങളുമായി ബന്ധപ്പെട്ട രണ്ട് കാറുകളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്.

റോഡുകളിൽ മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഡ്രൈവിങ്, നിയമവിരുദ്ധ അഭ്യാസപ്രകടനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy