Kuwait Warns Building Caretakers കുവൈത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാത്ത കെട്ടിട കാവൽക്കാർക്കും നാടുകടത്തൽ നടപടി; 14 പ്രവാസികൾ അറസ്റ്റിൽ

Kuwait Warns Building Caretakers കുവൈത്തിൽ തങ്ങൾ നിരീക്ഷിക്കുന്ന കെട്ടിടങ്ങളിൽ നിയമവിരുദ്ധമോ സംശയാസ്പദമോ ആയ പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അധികൃതരെ അറിയിക്കാത്ത കെട്ടിട കാവൽക്കാർക്കും (ബിൽഡിങ് ഗാർഡ്) നാടുകടത്തൽ നടപടി നേരിടേണ്ടിവരുമെന്ന് സുരക്ഷാ വൃത്തങ്ങളുടെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കാവൽക്കാരുടെ ഉത്തരവാദിത്തമാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ഭരണപരമായ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല കാവൽക്കാരുടെ ചുമതല. തങ്ങളുടെ മേൽനോട്ടത്തിലുള്ള കെട്ടിടങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അധികൃതർ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്.

ജിസ്ലീബ് അൽ ശുയൂഖിൽ 14 പ്രവാസികൾ അറസ്റ്റിൽ

അതിനിടെ, ജിസ്ലീബ് അൽ ശുയൂഖിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 14 ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ ചൂതാട്ടകേന്ദ്രമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ വിശേഷിപ്പിച്ച സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവരെ ഭരണപരമായ നാടുകടത്തൽ വിഭാഗത്തിന് കൈമാറി. ഇവരുടെ പേരുകൾ കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് തടയുന്നതിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് ജിസിസി രാജ്യങ്ങളിലേക്കും പ്രവേശന നിയന്ത്രണം

നാടുകടത്തപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ ഏകോപനത്തിന്റെ ഭാഗമായി കൈമാറാൻ സംവിധാനമുണ്ടെന്നും സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. അതിനാൽ കുവൈത്തിൽ നിന്ന് നാടുകടത്തൽ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിലും നിയന്ത്രണം നേരിടേണ്ടിവന്നേക്കാം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും സംശയാസ്പദമായ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുമായി സുരക്ഷാ പരിശോധനകൾ തുടരുകയാണ്. കെട്ടിടങ്ങളുടെ മേൽനോട്ട ചുമതലയുള്ളവർ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നതാണ് സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy