
Kuwait financial fraud case : കുവൈത്ത് സിറ്റി: ബാങ്കിംഗ് രേഖകളിൽ കൃത്രിമം കാണിക്കുകയും കമ്പനി ലാഭം വ്യാജമായി സൃഷ്ടിക്കുകയും ചെയ്തെന്ന കേസിൽ കുവൈത്ത് പൗരന്മാരും പ്രവാസികളും ഉൾപ്പെടെ 10 പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ വിധിച്ച് സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി. നേരത്തേ പ്രതികൾക്ക് 10 വർഷം തടവും പ്രതികൾക്കും വിവിധ കമ്പനികൾക്കുമായി ആകെ 422 ദശലക്ഷം കുവൈത്ത് ദിനാർ പിഴയും വിധിച്ചിരുന്ന കീഴ്ക്കോടതി ഉത്തരവാണ് അപ്പീൽ കോടതി റദ്ദാക്കിയത്.
കൗൺസിലർ അബ്ദുള്ള അൽ സനിയയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കൗൺസിലർമാരായ മിഷാൽ അൽ മുതവ, സൗദ് അൽ മുതൈരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെയും ബന്ധപ്പെട്ട കമ്പനികളെയും കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിൽനിന്ന് കുറ്റവിമുക്തരാക്കി. ഈ കുറ്റവുമായി ബന്ധപ്പെട്ട് നേരത്തേ വിധിച്ച തടവുശിക്ഷകളും സാമ്പത്തിക പിഴകളും റദ്ദാക്കുകയും ചെയ്തു.
ബാങ്കിംഗ് രേഖകളിലെ കൃത്രിമത്വവും കമ്പനി ലാഭം വ്യാജമായി സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ പരിഗണിച്ചാണ് 10 പ്രതികൾക്ക് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്. നേരത്തെയുള്ള വിധിയിൽനിന്ന് ശിക്ഷയിലും സാമ്പത്തിക ബാധ്യതയിലും വലിയ കുറവാണ് അപ്പീൽ കോടതി വരുത്തിയത്.





