
Nuwaiseeb Border Crossing കുവൈത്ത് സിറ്റി, നവംബർ 14: കുവൈത്തിലെ നുവൈസീബ് അതിർത്തി ചെക്ക്പോസ്റ്റിൽ പരിശോധന നടത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്. രാജ്യത്തെ കര അതിർത്തി ചെക്ക്പോസ്റ്റുകളിൽ സുരക്ഷാ സന്നദ്ധത, വികസന പദ്ധതികൾ, യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള സേവനങ്ങൾ എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച അദ്ദേഹം സന്ദർശനം നടത്തിയത്.
നുവൈസീബ് സന്ദർശനത്തിന് മുമ്പ് സൽമി, അബ്ദാലി അതിർത്തി ചെക്ക്പോസ്റ്റുകളിലും മന്ത്രി പരിശോധന നടത്തിയിരുന്നു. ഇവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങൾ, പ്രവർത്തന സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അദ്ദേഹം വിലയിരുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സാമ്പത്തിക കാര്യ-സഹായ സേവന വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുൽമുഹ്സിൻ അൽ അക്ഷൻ, തുറമുഖ സുരക്ഷാ കാര്യ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം അൽ ഖലീൽ, കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അൽ സബാഹ്, കര അതിർത്തി സുരക്ഷാ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ യൂസഫ് അൽ മുഹൈനി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ്, നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് എന്നിവയുടെ പ്രതിനിധികളും സന്ദർശനത്തിന്റെ ഭാഗമായി എത്തിയിരുന്നു.
വികസന പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അതിർത്തി ചെക്ക്പോസ്റ്റിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. യാത്രക്കാരുടെ പ്രവേശന നടപടികൾ സുഗമമാക്കുക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക, അതോടൊപ്പം ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുക എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.





