
Kuwait illegal liquor manufacturing : കുവൈത്ത് സിറ്റി, നവംബർ 15: കുവൈത്തിലെ മിനാ അബ്ദുള്ള വ്യവസായ മേഖലയിൽ അനധികൃതമായി മദ്യം നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്ത കേന്ദ്രത്തിൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരനുൾപ്പെടെ നാല് ഏഷ്യൻ പ്രവാസികൾ അറസ്റ്റിലായി. മൂന്ന് നേപ്പാൾ സ്വദേശികളും ഒരു ഇന്ത്യക്കാരനുമാണ് പിടിയിലായത്.
മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്ന പ്രതികളെ അഹമ്മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തുടർന്നുള്ള അന്വേഷണത്തിലാണ് വ്യവസായ മേഖലയിലെ ഒരു സ്ഥലത്ത് രഹസ്യമായി മദ്യം നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയത്. പ്രവർത്തനരഹിതമായിരുന്ന ഒരു വൈദ്യുത ട്രാൻസ്ഫോർമറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു അനധികൃത മദ്യനിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
സ്ഥലത്ത് നടത്തിയ പരിശോധനയിൽ 1.5 ലിറ്റർ വീതം ശേഷിയുള്ള 194 കുപ്പികളിലായി മദ്യവും മദ്യപദാർഥങ്ങളും കണ്ടെത്തി. വിവിധ വലുപ്പത്തിലുള്ള അഞ്ച് ബാരലുകളും പിടിച്ചെടുത്തു. ഇതിൽ ഒരു ബാരലിൽ മദ്യപദാർഥം നിറച്ച നിലയിലായിരുന്നു.
കൂടാതെ, കുപ്പികളിൽ മദ്യം നിറയ്ക്കാൻ ഉപയോഗിച്ചിരുന്ന മൂന്ന് സിറിഞ്ചുകളും പിടിച്ചെടുത്ത കുപ്പികൾ സൂക്ഷിച്ചിരുന്ന 28 ബാഗുകളും അധികൃതർ കണ്ടെടുത്തു.
അറസ്റ്റിലായ നാല് പേരെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തുടനീളം അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിശോധനകളും സുരക്ഷാ നടപടികളും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.





