
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രശസ്തമായ പരമ്പരാഗത വ്യാപാരകേന്ദ്രമായ അൽ മുബാറക്കിയ മാർക്കറ്റിലെ 75ഓളം കടയുടമകൾക്ക് മുന്നറിയിപ്പുമായി ധനകാര്യ മന്ത്രാലയം. വാടകയ്ക്ക് എടുത്ത കടകൾ അടച്ചിട്ടതായും കരാറിൽ വ്യക്തമാക്കിയ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടങ്ങളുടെ വാടകയും കരാറുകളും കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് പ്രോപ്പർട്ടി കോൺട്രാക്ട്സ് ഡിപ്പാർട്ട്മെന്റാണ് പരിശോധന നടത്തിയത്. അൽ മുബാറക്കിയ മാർക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കടകൾ സർക്കാർ ഉടമസ്ഥതയിൽ നിന്ന് വാടകയ്ക്ക് നൽകിയിരിക്കുന്നത്.
പരിശോധനയിൽ നിരവധി കടകൾ പ്രവർത്തനരഹിതമാണെന്നും വാടകക്കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഉപയോഗിക്കാതെ കിടക്കുന്ന ചില കടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകളിൽ ജനറൽ ട്രേഡിങ്, കോൺട്രാക്ടിങ്, കയറ്റുമതി, റിയൽ എസ്റ്റേറ്റ് വിൽപ്പന തുടങ്ങിയ പ്രവർത്തനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ ഇത്തരം വ്യാപാര പ്രവർത്തനങ്ങൾ അൽ മുബാറക്കിയ മാർക്കറ്റിന്റെ പാരമ്പര്യ സ്വഭാവത്തിനും കടകൾ അനുവദിച്ചിരിക്കുന്ന യഥാർഥ ആവശ്യങ്ങൾക്കും അനുയോജ്യമല്ലെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
പഴയകാല ചന്തകളുടെ മാതൃകയിലും പാരമ്പര്യ വ്യാപാര സംസ്കാരത്തിലും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് അൽ മുബാറക്കിയ മാർക്കറ്റ്. അതിനാൽ കടകൾ അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കനുസരിച്ച് തന്നെ പ്രവർത്തിപ്പിക്കണമെന്നും വാടകക്കരാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





