Qatar’s New Traffic Law ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയന്ത്രണങ്ങൾ; രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധം

Qatar’s New Traffic Law ദോഹ: ഖത്തറിലെ പുതിയ ട്രാഫിക് നിയമപ്രകാരം ഇലക്ട്രിക് സ്കൂട്ടറുകൾക്കും സമാനമായ വൈദ്യുത വാഹനങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി. നിയമപ്രകാരം ലൈസൻസിങ് അതോറിറ്റിയുടെ പ്രത്യേക രജിസ്റ്ററിൽ വാഹനങ്ങൾ ഉൾപ്പെടുത്തുകയും നിശ്ചിത ഫീസ് അടയ്ക്കുകയും വേണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അധികൃതർ നൽകുന്ന നമ്പർ പ്ലേറ്റും വാഹനത്തിൽ ഘടിപ്പിക്കണം.

2026ലെ ട്രാഫിക് നിയമം നമ്പർ 19ന്റെ പ്രധാന വ്യവസ്ഥകൾ വിശദീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങൾ വ്യക്തമാക്കിയത്. 2026 നവംബർ 18ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമത്തിലാണ് ഇലക്ട്രിക് സൈക്കിളുകൾ, സ്കൂട്ടറുകൾ, സമാന വാഹനങ്ങൾ എന്നിവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ഇത്തരം വാഹനങ്ങൾ പ്രത്യേക രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യാതെ നിരത്തിലിറക്കാൻ അനുവദിക്കില്ല. 16-ാം വകുപ്പ് അനുസരിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം വാഹനത്തിന് ലൈസൻസിങ് അതോറിറ്റി നൽകുന്ന ഒന്നോ അതിലധികമോ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കണം. പ്ലേറ്റുകളുടെ തരം, രൂപം, നിറം, സവിശേഷതകൾ, ഫീസ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ മന്ത്രാലയം പിന്നീട് നിശ്ചയിക്കും.

വാഹന ഉടമയുടെ പേര്, ദേശീയത, വ്യക്തിഗത നമ്പർ, താമസസ്ഥലം, വിലാസം എന്നിവയിൽ മാറ്റമുണ്ടായാൽ 10 ദിവസത്തിനകം ബന്ധപ്പെട്ട ലൈസൻസിങ് അതോറിറ്റിയെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്കൂട്ടർ യാത്രക്കാർ പാലിക്കേണ്ട നിയമങ്ങൾ

പുതിയ നിയമത്തിലെ 55-ാം വകുപ്പ് പ്രകാരം സാധാരണ സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഓടിക്കുന്നവർ റോഡിന്റെ വലതുവശം ചേർന്ന് സഞ്ചരിക്കണം. പ്രത്യേക സൈക്കിൾ പാതകളില്ലാത്തിടത്ത് വാഹനങ്ങൾ ഒന്നിന് പിന്നിൽ ഒന്നായി വേണം ഓടിക്കാൻ. സൈക്കിൾ പാതകൾ നിലവിലുള്ളിടത്ത് മോട്ടോർ വാഹനങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന റോഡിന്റെ മറ്റ് ഭാഗങ്ങൾ ഉപയോഗിക്കാനും പാടില്ല.

യാത്രയ്ക്കിടെ രണ്ട് കൈകളും ഹാൻഡിലിൽ പിടിച്ചിരിക്കണം. കൈകൊണ്ട് ദിശാസൂചന നൽകുന്ന സാഹചര്യത്തിൽ മാത്രമാണ് ഇതിന് ഇളവ്. മറ്റൊരു വാഹനത്തിൽ പിടിച്ചുകൊണ്ട് സഞ്ചരിക്കുന്നതും ഒരു ചക്രം ഉയർത്തി ഓടിക്കുന്നതും ഗതാഗതത്തിന് തടസ്സമോ അപകടമോ സൃഷ്ടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.

സ്കൂട്ടറുകളിലും സാധാരണ സൈക്കിളുകളിലും യാത്രക്കാരെ കയറ്റുന്നതിനും നിയന്ത്രണമുണ്ട്. അധിക യാത്രക്കാരനെ കൊണ്ടുപോകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനങ്ങളിൽ മാത്രമേ അതിന് അനുമതിയുള്ളൂ. മോട്ടോർസൈക്കിൾ, സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ എന്നിവ ഓടിക്കുന്നവരും അവയിൽ യാത്ര ചെയ്യുന്നവരും നിർദേശിച്ചിട്ടുള്ള ഹെൽമറ്റ് ധരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

ഡിസംബർ 19 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

2026ലെ ട്രാഫിക് നിയമം നമ്പർ 19 ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരും. 2007ലെ ട്രാഫിക് നിയമപ്രകാരം ഇതിനകം രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഉടമകൾക്ക് പുതിയ വ്യവസ്ഥകൾക്കനുസരിച്ച് രേഖകൾ ക്രമീകരിക്കാൻ ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നൽകിയ ലൈസൻസുകളും പെർമിറ്റുകളും അവയുടെ കാലാവധി അവസാനിക്കുന്നതുവരെ സാധുവായിരിക്കും.

ഗതാഗത സംവിധാനങ്ങളിലെ മാറ്റങ്ങൾക്കനുസരിച്ച് നിയമങ്ങൾ പുതുക്കുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള മാർഗനിർദേശങ്ങൾ, ചോദ്യോത്തരങ്ങൾ, ഇൻഫോഗ്രാഫിക്കുകൾ, ഹ്രസ്വ വീഡിയോകൾ എന്നിവയും മന്ത്രാലയം പുറത്തിറക്കും.

കൂടുതൽ ഖത്തർ തൊഴിൽ വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy