
Big Ticket Malayali Winner;ഷാർജ: യുഎഇയിലെ പ്രമുഖ നറുക്കെടുപ്പായ ബിഗ് ടിക്കറ്റിലൂടെ മലയാളി യുവതിക്ക് 25,000 ദിർഹത്തിന്റെ (ഏകദേശം 6.5 ലക്ഷം രൂപ) സമ്മാനം. ഷാർജയിൽ താമസിക്കുന്ന 27കാരിയായ മലയാളി യുവതി ആർദ്ര കിഴക്കേ ചേത്തിലാണ് നവംബർ മാസത്തിലെ ആദ്യ ആഴ്ച നടന്ന ഇ-ഡ്രോയിൽ സമ്മാനം സ്വന്തമാക്കിയത്. നാല് വിജയികൾക്കായി ആകെ ഒരു ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. ഇന്ത്യ, ഇറാഖ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.
ബിഗ് ടിക്കറ്റ് അധികൃതരിൽ നിന്നുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം തമാശയാണെന്നാണ് ആർദ്ര കരുതിയത്. പിന്നീട് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് വിജയവിവരം ഉറപ്പാക്കിയതോടെയാണ് സന്തോഷവാർത്ത വിശ്വസിക്കാനായത്.
ഒരു വർഷം മുൻപാണ് ആർദ്ര ഭർത്താവിനൊപ്പം ഷാർജയിലെത്തിയത്. ബിൽഡിങ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന ആർദ്രയുടെ ഭർത്താവും സുഹൃത്തുക്കളും വർഷങ്ങളായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നവരാണ്. ഇത്തവണ ഭർത്താവും ഒൻപത് സുഹൃത്തുക്കളും ഉൾപ്പെടുന്ന പത്തംഗ സംഘത്തോടൊപ്പം ആർദ്രയും പങ്കുചേർന്നു. എന്നാൽ ആദ്യമായാണ് ആർദ്രയുടെ പേരിൽ ടിക്കറ്റ് രജിസ്റ്റർ ചെയ്തത്. റാൻഡം സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
സമ്മാനത്തുക പത്തുപേരും തുല്യമായി പങ്കിടാനാണ് തീരുമാനം. തനിക്ക് ലഭിക്കുന്ന വിഹിതം എങ്ങനെ വിനിയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് ഇതിനകം എടുത്തിട്ടുണ്ടെന്നും ആർദ്ര വ്യക്തമാക്കി.
മറ്റ് മൂന്ന് വിജയികൾക്കും 25,000 ദിർഹം വീതം
ഇതേ നറുക്കെടുപ്പിൽ ചെന്നൈ സ്വദേശിയായ 55കാരൻ സൂസൈരാജ് ബെസ്കിരാജനും സമ്മാനം ലഭിച്ചു. 30 വർഷമായി ദുബായിൽ ബിസിനസ് നടത്തുന്ന അദ്ദേഹം നാലുവർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. ലഭിക്കുന്ന സമ്മാനത്തുകയുടെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൗജന്യ ഭക്ഷണ വിതരണത്തിനുമായി വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഫിലിപ്പീൻസ് സ്വദേശിയായ ജേഡ് പുൻസാലനും ഇറാഖ് സ്വദേശിയായ റാൻഡ് ഫത്താഹുമാണ് മറ്റ് രണ്ട് വിജയികൾ. കുടുംബത്തോടൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ജേഡ് സമ്മാനം നേടിയത്. സമ്മാനത്തുകയുടെ വിഹിതം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഉപയോഗിക്കാനാണ് ജേഡിന്റെ തീരുമാനം.
നവംബർ മാസത്തെ ബിഗ് ടിക്കറ്റ് പ്രമോഷന്റെ ഭാഗമായി 2.5 കോടി ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 3നാണ് പ്രധാന നറുക്കെടുപ്പ് നടക്കുക.





