
WHO Urges Couples to Quit Smoking ദുബായ്: പുകവലി പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വന്ധ്യതാ സാധ്യത വർധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) മുന്നറിയിപ്പ്. കുട്ടികൾക്ക് ജന്മം നൽകാൻ ആഗ്രഹിക്കുന്ന ദമ്പതികൾ പുകവലി ഉപേക്ഷിക്കണമെന്നും സംഘടന നിർദേശിച്ചു.
പുകവലിക്കുന്ന സ്ത്രീകൾക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് വന്ധ്യതയ്ക്കുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നാണ് 2000 മുതൽ 2026 വരെയുള്ള പഠനങ്ങൾ വിലയിരുത്തിയുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പുരുഷന്മാരിലും പുകയില ഉപയോഗം ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ലൈംഗികശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
60,000-ത്തിലധികം പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ 44 പഠനങ്ങളുടെ അവലോകനത്തിൽ പുകവലിയും പ്രത്യുൽപാദന പ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി. ബീജത്തിന്റെ ചലനശേഷി കുറയുക, ബീജത്തിന്റെ ആകൃതിയിൽ അസ്വാഭാവികത, ഉദ്ധാരണക്കുറവ്, സ്ഖലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുകവലിക്കാത്തവർക്കും അപകടം
പുകവലിക്കുന്നവരിൽ മാത്രമല്ല, മറ്റുള്ളവരുടെ പുക ശ്വസിക്കുന്നവരിലും പ്രത്യുൽപാദന ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് WHO മുന്നറിയിപ്പ് നൽകി. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരുടെ സമീപത്ത് കഴിയുന്ന സ്ത്രീകൾക്ക് വന്ധ്യതയ്ക്കുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഐവിഎഫ് വിജയസാധ്യതയെയും ബാധിക്കാം
വന്ധ്യതാ ചികിത്സ തേടുന്ന ദമ്പതികൾക്കും പുകവലി തിരിച്ചടിയാകാം. ഐവിഎഫ് ഉൾപ്പെടെയുള്ള സഹായപ്രജനന ചികിത്സകളെക്കുറിച്ചുള്ള 21 പഠനങ്ങളുടെ അവലോകനത്തിൽ പുകവലി ഗർഭധാരണത്തിന്റെയും ജീവനുള്ള കുഞ്ഞിന്റെ ജനനത്തിന്റെയും നിരക്ക് കുറയ്ക്കുന്നതായി കണ്ടെത്തി. ചില സാഹചര്യങ്ങളിൽ ചികിത്സ വിജയിക്കാനുള്ള സാധ്യത പകുതിയോളം കുറയാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ എല്ലാ പുകവലിക്കാർക്കും ഒരേ രീതിയിലുള്ള ഫലമുണ്ടാകുമെന്ന് ഇതിനർഥമില്ല.
പുകവലി ഉപേക്ഷിച്ചാൽ ഗുണം
പുകവലി ഉപേക്ഷിക്കുന്നത് പ്രത്യുൽപാദന ആരോഗ്യത്തിന് ഗുണകരമാകുമെന്നും WHO റിപ്പോർട്ട് വ്യക്തമാക്കുന്നു. പുകവലി തുടരുന്ന സ്ത്രീകളെ അപേക്ഷിച്ച് പുകവലി ഉപേക്ഷിച്ച സ്ത്രീകൾക്ക് വന്ധ്യതാ സാധ്യത 25 ശതമാനം കുറവാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
പുകയില ഉപയോഗം സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുന്നതിനാൽ ഗർഭധാരണത്തിന് പദ്ധതിയിടുന്നവർ പുകവലി ഉപേക്ഷിക്കണമെന്ന് WHOയുടെ ടുബാക്കോ ഫ്രീ ഇനിഷ്യേറ്റീവിലെ മെഡിക്കൽ ഓഫീസർ ഡോ. കെർസ്റ്റിൻ ഷോട്ടെ നിർദേശിച്ചു.
ഇ-സിഗരറ്റ്, ഷീഷ തുടങ്ങിയ ഉൽപ്പന്നങ്ങളും പ്രത്യുൽപാദന ആരോഗ്യത്തിന് അപകടസാധ്യത സൃഷ്ടിച്ചേക്കാമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും പരിമിതമാണ്.
ലോകത്ത് പ്രത്യുൽപാദന പ്രായത്തിലുള്ള ആറുപേരിൽ ഒരാൾക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ വന്ധ്യത അനുഭവപ്പെടുന്നുണ്ടെന്നാണ് WHOയുടെ കണക്ക്. പുകയില ഉപയോഗം കുറയ്ക്കുന്നതിനും പുകവലി ഉപേക്ഷിക്കാൻ ആവശ്യമായ ശാസ്ത്രീയ പിന്തുണ ഉറപ്പാക്കുന്നതിനും ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.





