
UAE Winter Temperature;റാസൽഖൈമ: യുഎഇയിൽ ശൈത്യകാലം എത്തുന്നതിന്റെ സൂചനയായി താപനിലയിൽ വീണ്ടും ഇടിവ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 10.3 ഡിഗ്രി സെൽഷ്യസ് റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. നവംബർ 21 ശനിയാഴ്ച പുലർച്ചെ 12.15നാണ് താപനില ഇത്രയും താഴ്ന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
നഗരങ്ങളിലെ ചൂടിൽനിന്ന് മാറി തണുത്ത കാലാവസ്ഥ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ മലയോരങ്ങളും മരുഭൂമി പ്രദേശങ്ങളും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുകയാണ്. വാരാന്ത്യങ്ങളിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ക്യാംപിങ്, ട്രെക്കിങ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനും അനുയോജ്യമായ നിരവധി ഇടങ്ങൾ രാജ്യത്തുണ്ട്.
യുഎഇയിലെ ഏറ്റവും തണുപ്പുള്ള പ്രദേശം
സമുദ്രനിരപ്പിൽ നിന്ന് 1,934 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാസൽഖൈമയിലെ ജബൽ ജെയ്സാണ് യുഎഇയിലെ ഏറ്റവും തണുപ്പുള്ള പ്രദേശം. 2017 ഫെബ്രുവരിയിൽ ഇവിടെ താപനില മൈനസ് 5.7 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ രാത്രികാല താപനില പൂജ്യം മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയെത്താറുണ്ട്.
തണുപ്പ് ആസ്വദിക്കാൻ മറ്റു സ്ഥലങ്ങളും
റാസൽഖൈമയിലെ മിബ്രെ പർവതം, ജബൽ അൽ റഹ്ബ എന്നിവയും തണുപ്പുകാലത്ത് സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളാണ്. ഒക്ടോബർ 26ന് മിബ്രെ പർവതത്തിൽ 16.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. ജബൽ അൽ റഹ്ബയിൽ ശൈത്യകാലത്ത് താപനില 9.4 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്.
ദുബായ് നിവാസികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹത്തയിലെ പർവതനിരകളും അണക്കെട്ടും ട്രെക്കിങ്ങിനും ക്യാംപിങ്ങിനും അനുയോജ്യമാണ്. അജ്മാൻ നഗരത്തിൽനിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന മസ്ഫൂത് ഗ്രാമവും പ്രകൃതിഭംഗിക്കും മലനിരകളിലൂടെയുള്ള നടത്തത്തിനും പേരുകേട്ടതാണ്.
ട്രെക്കിങ്ങിനും ക്യാംപിങ്ങിനും വാദികൾ
റാസൽഖൈമയിലെ വാദി ഷൗക്ക സൈക്ലിങ്, ട്രെക്കിങ് പ്രേമികളുടെ പ്രധാന ആകർഷണമാണ്. 2001ൽ നിർമിച്ച ഇവിടുത്തെ അണക്കെട്ടും ശ്രദ്ധേയമാണ്. വാദി നഖബ്, വാദി ഗലീല, വാദി ആസിമ എന്നിവയും പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഇടങ്ങളാണ്. വാദി ആസിമയിലെ 16.8 കിലോമീറ്റർ ഓഫ്-റോഡ് പാതയിലൂടെ യാത്ര ചെയ്യാൻ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ആവശ്യമാണ്.
മരുഭൂമിയിലും തണുപ്പിന്റെ അനുഭവം
അൽ ഐനിലെ രക്നയിൽ ശൈത്യകാലത്ത് താപനില ഗണ്യമായി താഴാറുണ്ട്. 2021 ജനുവരിയിൽ ഇവിടെ മൈനസ് 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. സമീപത്തെ ജബൽ ഹഫീത് പർവതനിരയും പുരാതന ശവകുടീരങ്ങളും സന്ദർശകരെ ആകർഷിക്കുന്നു.
അൽ ഐനിലെ ദംസ, ലീവ മരുഭൂമിയിലെ മെസൈറ, ഷാർജയിലെ ഫോസിൽ റോക്ക്, ദുബായിലെ അൽ ഖുദ്ര തടാകങ്ങൾ എന്നിവയും ശൈത്യകാല യാത്രയ്ക്ക് അനുയോജ്യമായ കേന്ദ്രങ്ങളാണ്. പ്രത്യേകിച്ച് മെസൈറ രാത്രികാല നക്ഷത്രനിരീക്ഷണത്തിനും ക്യാംപിങ്ങിനും പേരുകേട്ടതാണ്.
യാത്രയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കണം
മലയോരങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ താപനില പെട്ടെന്ന് കുറയാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ ചൂടുള്ള വസ്ത്രങ്ങളും പുതപ്പും കുടിവെള്ളവും കരുതണം. യാത്ര തിരിക്കുന്നതിന് മുമ്പ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും കാലാവസ്ഥാ വിവരങ്ങളും പരിശോധിക്കണം.
മഴയുള്ള സമയങ്ങളിൽ വാദികളിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും അധികൃതർ നിർദേശിക്കുന്നു.





