UAE 55th Eid Al Etihad Celebrations;ദുബായിൽ ആഘോഷമേളയ്ക്ക് തിരിതെളിയുന്നു; 75% വരെ ഡിസ്കൗണ്ട്, സൗജന്യ സംഗീത പരിപാടികൾ, ഡ്രോൺ ഷോ!എങ്ങനെ? എവിടെ?? എപ്പോൾ??

UAE 55th Eid Al Etihad Celebrations;ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദിനായി ദുബായ് ഒരുങ്ങുന്നു. നവംബർ 26 മുതൽ ഡിസംബർ 6 വരെ 11 ദിവസം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഡ്രോൺ ഷോ, വെടിക്കെട്ട്, സംഗീത പരിപാടികൾ, സാംസ്കാരിക ആഘോഷങ്ങൾ, കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികൾ, ഷോപ്പിങ് ഓഫറുകൾ തുടങ്ങി നിരവധി ആകർഷണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റിന്റെ (DFRE) നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

1,600 ഡ്രോണുകൾ ആകാശത്ത് വിസ്മയം തീർക്കും

ഇത്തവണത്തെ ആഘോഷങ്ങളിലെ പ്രധാന ആകർഷണം 1,600 ഡ്രോണുകൾ അണിനിരക്കുന്ന പ്രത്യേക ലൈറ്റ് ഷോയാണ്. ഡിസംബർ 2, 3 തീയതികളിൽ ബ്ലൂവാട്ടേഴ്സ് ഐലൻഡിലും ദി ബീച്ച് ജെബിആറിലുമായി രാത്രി 8നും 10നും പ്രദർശനം നടക്കും. യുഎഇ പതാകയും ദേശീയ ചിഹ്നങ്ങളും ആകാശത്ത് തെളിയിക്കുന്ന രീതിയിലാണ് ഷോ ഒരുക്കുന്നത്.

ബ്ലൂവാട്ടേഴ്സിൽ പരമ്പരാഗത എമിറാത്തി കലാരൂപങ്ങളായ അയാല, ഹർബിയ നൃത്തപ്രകടനങ്ങളും അരങ്ങേറും.

ബുർജ് ഖലീഫയിലും ദുബായ് ഫൗണ്ടനിലും പ്രത്യേക കാഴ്ചകൾ

ഡിസംബർ 1 മുതൽ 3 വരെ ബുർജ് ഖലീഫയിൽ ഓരോ മണിക്കൂറിലും വൈകിട്ട് 6.45 മുതൽ പ്രത്യേക പ്രൊജക്ഷൻ ഷോ ഉണ്ടായിരിക്കും. ദുബായ് ഫൗണ്ടനിലെ ഓരോ പ്രദർശനത്തിന് മുമ്പും യുഎഇ പതാകയുടെ ദൃശ്യങ്ങൾ തെളിയും. വൈകിട്ട് 5.30 മുതൽ രാത്രി 11 വരെ ഓരോ അരമണിക്കൂറിലും ഫൗണ്ടൻ ഷോ നടക്കും.

ഡിസംബർ 2ന് വൈകിട്ട് 6 മുതൽ 7 വരെ ദുബായ് ഫ്രെയിം യുഎഇ പതാകയുടെ നിറങ്ങളിൽ പ്രകാശിക്കും. ഡിസംബർ 1 മുതൽ 4 വരെ രാത്രി 8ന് ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ഫെസ്റ്റിവൽ ബേയിലും പ്രത്യേക പ്രൊജക്ഷൻ ഷോ സംഘടിപ്പിക്കും.

നവംബർ 29ന് വൈകിട്ട് 4.15 മുതൽ 5.15 വരെ കൈറ്റ് ബീച്ചിൽ യുഎഇ വ്യോമസേനയുടെ ഫുർസാൻ അൽ ഇമാറാത്ത് എയർ ഷോയും അരങ്ങേറും.

സൗജന്യ സംഗീത പരിപാടികളും സാംസ്കാരിക ആഘോഷങ്ങളും

ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ഡിസംബർ 1ന് ഗായിക ബൽഖീസും ഡിസംബർ 2ന് ഗായകൻ മുഹമ്മദ് അൽ ഷെഹിയും സംഗീത പരിപാടികൾ അവതരിപ്പിക്കും. രാത്രി 9നാണ് പരിപാടികൾ ആരംഭിക്കുക. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പാസ് നേടണം.

സിറ്റി വാക്കിലെ ഈദ് അൽ ഇത്തിഹാദ് വില്ലേജിൽ ഡിസംബർ 1 മുതൽ 3 വരെ വൈകിട്ട് 4 മുതൽ രാത്രി 10 വരെ സാംസ്കാരിക പരിപാടികളും കുടുംബങ്ങൾക്കായുള്ള വിനോദങ്ങളും നടക്കും. ഡിസംബർ 2ന് രാത്രി 8 മുതൽ 9.30 വരെ ഗായിക യാരയുടെ സൗജന്യ സംഗീത പരിപാടിയും ഉണ്ടായിരിക്കും.

മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നവംബർ 27ന് വൈകിട്ട് 4 മുതൽ രാത്രി 9 വരെ ഫാൽക്കൺ പ്രദർശനം, ഒട്ടകയോട്ടം, പരമ്പരാഗത ഭക്ഷണം, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

ഷോപ്പിങ്ങിന് 75 ശതമാനം വരെ ഇളവ്

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരഞ്ഞെടുത്ത കടകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 75 ശതമാനം വരെ വിലക്കുറവ് ലഭിക്കും. അഡിഡാസ്, ഫുട് ലോക്കർ, ദി ബോഡി ഷോപ്പ്, ടെഡ് ബേക്കർ, സ്വരോവ്സ്കി, ഇക്കോ, ആക്സസറൈസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഓഫറുകളിൽ പങ്കെടുക്കും.

തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അഡിഡാസിൽ ഒന്ന് വാങ്ങുമ്പോൾ ഒന്ന് സൗജന്യം, മത്തലാനിൽ സ്റ്റോറിലുടനീളം ബൈ വൺ ഗെറ്റ് വൺ ഓഫർ തുടങ്ങിയവയും പ്രഖ്യാപിച്ചിട്ടുണ്ട്. നിബന്ധനകൾ ബാധകമാണ്.

ഗ്ലോബൽ വില്ലേജിലും ഹത്തയിലും ആഘോഷം

നവംബർ 27 മുതൽ ഡിസംബർ 4 വരെ ഗ്ലോബൽ വില്ലേജിലും ദേശീയ ദിനാഘോഷങ്ങൾ നടക്കും. പരമ്പരാഗത കലാപരിപാടികൾ, യുഎഇയുടെ ചരിത്രവും പൈതൃകവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികൾ, ഡിസംബർ 2, 3 തീയതികളിലെ ഡ്രോൺ ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പ്രവേശന നിരക്ക് 30 ദിർഹമാണ്. വൈകിട്ട് 4 മുതൽ പുലർച്ചെ 1 വരെയാണ് പ്രവർത്തന സമയം.

ഡിസംബർ 2, 3 തീയതികളിൽ ഹത്ത വാദി ഹബ്ബിൽ ശൈത്യകാല ഉത്സവത്തിന്റെ പ്രത്യേക പതിപ്പും നടക്കും. കുട്ടികൾക്കായുള്ള വർക്ക്‌ഷോപ്പുകൾ, ഭക്ഷണ സ്റ്റാളുകൾ, ലൈറ്റ് ഇൻസ്റ്റലേഷനുകൾ, ഔട്ട്ഡോർ വിനോദങ്ങൾ, സംഗീത പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നഗരത്തിലെ പ്രധാന റോഡുകളും പാലങ്ങളും നവംബർ 25 മുതൽ ഡിസംബർ 6 വരെ യുഎഇ പതാകയുടെ നിറങ്ങളിലുള്ള അലങ്കാര ദീപങ്ങളാൽ പ്രകാശിക്കും. ഷെയ്ഖ് സായിദ് റോഡ്, അൽ സീഫ്, അൽ മുസ്തഖ്ബൽ സ്ട്രീറ്റ്, സബീൽ സ്ട്രീറ്റ്, ജുമൈറ സ്ട്രീറ്റ്, അൽ ഖവാനീജ് സ്ട്രീറ്റ് തുടങ്ങിയ ഇടങ്ങളിലും പ്രത്യേക അലങ്കാരങ്ങളുണ്ടാകും.

യുഎഇയുടെ 55 വർഷത്തെ ഐക്യത്തിന്റെയും വളർച്ചയുടെയും യാത്ര ആഘോഷിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന പരിപാടികൾ രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *