
UAE National Day Employee Rights;ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജോലിയുടെ പ്രത്യേക സാഹചര്യം കാരണം ഈ ദിവസങ്ങളിൽ ജോലിക്ക് ഹാജരാകേണ്ടി വരുന്ന ജീവനക്കാർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുക? ഇതിന് കൃത്യമായ വ്യവസ്ഥകളാണ് യുഎഇ തൊഴിൽ നിയമത്തിലുള്ളത്.
2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33-ലെ ആർട്ടിക്കിൾ 28 പ്രകാരം, ഔദ്യോഗിക പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തൊഴിലുടമ രണ്ട് രീതികളിൽ ഏതെങ്കിലും ഒരു നഷ്ടപരിഹാരം നൽകണം.
അധിക ശമ്പളമോ പകരം അവധിയോ ലഭിക്കും
പൊതു അവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാർക്ക് താഴെ പറയുന്ന രണ്ട് ആനുകൂല്യങ്ങളിൽ ഒന്ന് ലഭിക്കാൻ അർഹതയുണ്ട്.
- പകരം അവധി: അവധി ദിവസത്തിൽ ജോലി ചെയ്ത ഓരോ ദിവസത്തിനും പകരമായി മറ്റൊരു ദിവസം വിശ്രമാവധി നൽകണം. ഈ അവധി വാർഷിക അവധി (Annual Leave)യിൽ നിന്ന് കുറയ്ക്കാൻ പാടില്ല.
- അധിക ശമ്പളം: ജോലി ചെയ്ത ദിവസത്തെ സാധാരണ വേതനത്തിന് പുറമെ, ആ ദിവസത്തെ അടിസ്ഥാന ശമ്പളത്തിന്റെ (Basic Salary) കുറഞ്ഞത് 50 ശതമാനത്തിന് തുല്യമായ അധിക തുകയും നൽകണം.
നിയമം നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങളാണിവ. തൊഴിൽ കരാറിൽ ഇതിലും മികച്ച ആനുകൂല്യങ്ങൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ അതും ജീവനക്കാർക്ക് ലഭിക്കും.
ഏത് ആനുകൂല്യം നൽകണമെന്ന് തീരുമാനിക്കുന്നത് ആര്?
അധിക ശമ്പളമാണോ പകരം അവധിയാണോ നൽകേണ്ടതെന്ന് തീരുമാനിക്കുന്നത് തൊഴിലുടമയാണ്. എന്നാൽ നിയമം അനുശാസിക്കുന്ന കുറഞ്ഞ ആനുകൂല്യങ്ങൾ ഉറപ്പാക്കണം. പകരം അവധി നൽകാനാണ് തീരുമാനമെങ്കിൽ അതിന്റെ തീയതിയും വിവരങ്ങളും രേഖാമൂലം ഉറപ്പാക്കണമെന്ന് ജീവനക്കാർക്ക് നിർദേശമുണ്ട്.
ഷിഫ്റ്റ് ഡ്യൂട്ടിയുള്ളവർക്കും ആനുകൂല്യം ലഭിക്കും
ദേശീയ ദിനം ഉൾപ്പെടെയുള്ള ഔദ്യോഗിക അവധി ദിവസങ്ങളിൽ സാധാരണ ഷിഫ്റ്റ് പ്രകാരം ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാർക്കും ഈ നിയമം ബാധകമാണ്. അവധി ദിവസം പതിവ് ഡ്യൂട്ടി ഷെഡ്യൂളിൽ ഉൾപ്പെട്ടതാണെന്ന കാരണത്താൽ അധിക ആനുകൂല്യങ്ങൾ നിഷേധിക്കാനാവില്ല. ഇവർക്കും പകരം അവധിയോ നിയമപ്രകാരമുള്ള അധിക വേതനമോ ലഭിക്കണം.
ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അവധി ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാൻ തൊഴിലുടമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് മുൻകൂട്ടി വ്യക്തത വരുത്തണം. ഇമെയിൽ അല്ലെങ്കിൽ വാട്സ്ആപ്പ് വഴി തൊഴിലുടമയിൽ നിന്ന് രേഖാമൂലമുള്ള സ്ഥിരീകരണം വാങ്ങുന്നതാണ് ഉചിതം.
ജോലി ചെയ്തതിന്റെ തെളിവായി ഹാജർ രേഖകൾ, ഡ്യൂട്ടി ഷെഡ്യൂൾ, മറ്റ് ഔദ്യോഗിക സന്ദേശങ്ങൾ എന്നിവ സൂക്ഷിക്കുകയും വേണം. പിന്നീട് അധിക വേതനമോ പകരം അവധിയോ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായാൽ ഇത്തരം രേഖകൾ സഹായകരമാകും.
യുഎഇ തൊഴിൽ നിയമപ്രകാരം പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. അതിനാൽ ദേശീയ ദിനത്തിലും ജോലിക്ക് പോകേണ്ടിവന്നാൽ നിയമപരമായി അർഹമായ ആനുകൂല്യം ഉറപ്പാക്കാൻ ജീവനക്കാർ ശ്രദ്ധിക്കണം.





