Ras Al Khaimah bus accident : യുഎഇയിൽ ബസ്–ട്രക്ക് കൂട്ടിയിടിച്ച് 11 പേർ മരിച്ചു; അപകടം റാസൽഖൈമയിൽ

ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രക്കാരുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. അൽ വത്തൻ സ്ട്രീറ്റിലാണ് അപകടമുണ്ടായതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപകടത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക പരിശീലനം ലഭിച്ച അടിയന്തര രക്ഷാസംഘങ്ങൾ സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റ് ബന്ധപ്പെട്ട അധികൃതർ എന്നിവരുമായി ചേർന്ന് രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സാ നടപടികളും നടത്തി. അപകടസ്ഥലം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അപകടകാരണം അന്വേഷിക്കുന്നു

അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം കണ്ടെത്തലുകൾ പുറത്തുവിടും. മരിച്ചവരുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

അപകടവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

ഫുജൈറയിലും നേരത്തെ വാഹനാപകടം; 14 മരണം

ഈ മാസം നവംബർ 12ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ തുടർച്ചയായ വാഹനാപകടങ്ങളിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 10 പേർ എമിറാത്തികളും നാലുപേർ ഇന്ത്യക്കാരുമായിരുന്നു.

നിശ്ചലമായി കിടന്നിരുന്ന ട്രക്കിൽ ഒരു വാഹനം ഇടിച്ചതിനെ തുടർന്നാണ് ആദ്യ അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് രണ്ട് ഷിപ്പിങ് കണ്ടെയ്‌നറുകളുമായി വന്ന മറ്റൊരു ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു.

റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായി വലതുവശത്തെ പാത അടച്ചിട്ടിരുന്ന മേഖലയിലാണ് അപകടങ്ങൾ നടന്നത്. ആകെ 18 വാഹനങ്ങളും അഞ്ച് ട്രക്കുകളും അപകടത്തിൽപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ സാങ്കേതിക പരിശോധനകൾക്കും സ്ഥലപരിശോധനകൾക്കും ഉത്തരവിട്ടിരുന്നു. ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ കസ്റ്റഡിയിലെടുത്തു.

വാഹനമോടിക്കുമ്പോൾ വേഗപരിധി പാലിക്കണമെന്നും സുരക്ഷിതമായ അകലം നിലനിർത്തണമെന്നും ഗതാഗതം മന്ദഗതിയിലാകുന്ന ഇടങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *