
Dubai Shopping Festival 2026;ദുബായ്: ഷോപ്പിങ് പ്രേമികൾക്ക് വമ്പൻ വിരുന്നൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 32-ാമത് പതിപ്പിന് ഡിസംബർ 4-ന് തുടക്കമാകും. 2027 ജനുവരി 17 വരെ നീളുന്ന 45 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ വൻ വിലക്കിഴിവുകൾക്കൊപ്പം ആഡംബര കാർ, അപ്പാർട്ട്മെന്റ്, ഒരു കിലോഗ്രാം സ്വർണം, പണസമ്മാനങ്ങൾ തുടങ്ങി കോടികളുടെ സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
‘ദുബായ്സ് സീസൺ ഓഫ് ഫൈൻഡ്സ്’ (Dubai’s Season of Finds) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് (DFRE) പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ആയിരത്തിലേറെ ബ്രാൻഡുകൾ, നാലായിരത്തോളം സ്റ്റോറുകൾ
ഷോപ്പിങ്ങിനാണ് ഇത്തവണയും പ്രധാന്യം. ദുബായിലെ ആയിരത്തിലേറെ ബ്രാൻഡുകളുടെ നാലായിരത്തോളം റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും. വിവിധ ഉൽപന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും ലഭിക്കും. പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 500 ദിർഹത്തിന് മുകളിൽ പർച്ചേസ് നടത്തുന്നവർക്കായി 35 ലക്ഷം ദിർഹത്തിന്റെ മെഗാ സമ്മാന നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്.
ഡ്രോൺ ഷോകളും സംഗീത പരിപാടികളും
ഡിസംബർ 4-ന് കോക്കകോള അരീനയിൽ പ്രശസ്ത അറബ് ഗായകൻ റാഷിദ് അൽ മജീദിന്റെ സംഗീത പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ‘ഇത്തിസലാത്ത് ഡിഎസ്എഫ് നൈറ്റ്സ്’ പരിപാടിയുടെ ഭാഗമായി ഹലാ ഡിഎസ്എഫ് പരേഡും അരങ്ങേറും.
ദി ബീച്ച് ജെബിആർ, ബ്ലൂവാട്ടേഴ്സ് മേഖലകളിൽ എല്ലാ ദിവസവും രാത്രി 8നും 10നും പ്രത്യേക ഡ്രോൺ-ലൈറ്റ് ഷോകൾ നടക്കും. ദുബായിയുടെ സംസ്കാരവും പ്രകൃതിയും പ്രമേയമാക്കിയുള്ള രണ്ട് വ്യത്യസ്ത പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ ‘ഇമാജിൻ’ മൾട്ടിമീഡിയ ഷോയും സന്ദർശകർക്ക് ആസ്വദിക്കാം.
ഭക്ഷണപ്രേമികൾക്കായി ബീച്ച് കാന്റീൻ
ജുമൈറയിലെ നിസ്നാസ് ബീച്ചിൽ ഡിസംബർ 10 മുതൽ 27 വരെ ഇത്തിസലാത്ത് ബീച്ച് കാന്റീൻ പ്രവർത്തിക്കും. അമ്പതിലേറെ ഭക്ഷണശാലകൾ പങ്കെടുക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. പാചകപരിപാടികൾ, ശിൽപശാലകൾ, പ്രാദേശിക സംരംഭകരുടെ വിപണി, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കാർ പ്രദർശനവും ഹത്തയിൽ പ്രത്യേക റണ്ണും
ഡിസംബർ 19 മുതൽ 2027 ജനുവരി 17 വരെ ഡിഎസ്എഫ് ഓട്ടോ സീസൺ നടക്കും. അപൂർവ സ്പോർട്സ് കാറുകൾ, സൂപ്പർ കാറുകൾ, കസ്റ്റം കാറുകൾ, ബൈക്കുകൾ എന്നിവയുടെ പ്രദർശനവും വിവിധ മോട്ടോർ ഷോകളും റാലികളും ഇതിന്റെ ഭാഗമാകും. ഡിസംബർ 19-ന് ഹത്തയിൽ പ്രത്യേക ഗ്ലോ റണ്ണും സംഘടിപ്പിക്കുന്നുണ്ട്.
ജനുവരി വരെ നീളുന്ന വിപണി ആഘോഷം
ഡിഎസ്എഫിന്റെ ജനപ്രിയ പരിപാടിയായ ‘ഇത്തിസലാത്ത് മാർക്കറ്റ് ഔട്ട് സൈഡ് ദ ബോക്സ്’ (MOTB) ജനുവരി 8 മുതൽ 24 വരെ നാദ് അൽ ഷെബയിലെ ദ സ്ക്വയറിൽ നടക്കും. ഡിസൈനർ വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, തത്സമയ സംഗീതം, കായിക വിനോദങ്ങൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെ ഒരുക്കും.
വൻ സമ്മാനങ്ങൾ, ഷോപ്പിങ് ഓഫറുകൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ, കുടുംബ വിനോദങ്ങൾ തുടങ്ങി ദുബായിലെ വിവിധ മേഖലകളെ ആഘോഷത്തിന്റെ ഭാഗമാക്കുന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവൽ. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വലിയ ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ് ദുബായ്.





