
UAE Dirham to Indian Rupee:യുഎഇ ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് അപ്രതീക്ഷിതമായി കുതിച്ചുയര്‍ന്നത് പ്രവാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ഒരു ദിര്‍ഹത്തിന് 28.14 ഇന്ത്യന്‍ രൂപ ലഭിക്കുമെന്ന നിരക്കാണ് തിങ്കളാഴ്ച (നവംബര്‍ 23) കുറച്ചുസമയത്തേക്ക് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. നാട്ടിലേക്ക് പണം അയയ്ക്കാന്‍ കാത്തിരുന്ന പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വൈകാതെ നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
സാധാരണയായി ഒരു യുഎഇ ദിര്‍ഹത്തിന് ഏകദേശം 25 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി 28.14 രൂപ എന്ന നിരക്ക് ഗൂഗിളില്‍ കാണിച്ചത്. പതിവിലും ഉയര്‍ന്ന നിരക്ക് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പ്രവാസികള്‍ ഇത് യഥാര്‍ഥ വിനിമയ നിരക്കാണെന്ന് കരുതി. സമൂഹമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായി.
എന്തുകൊണ്ടാണ് നിരക്ക് 28.14 രൂപയിലെത്തിയത്?
അമേരിക്കന്‍ ഡോളറുമായി സ്ഥിര വിനിമയ നിരക്കില്‍ ബന്ധിപ്പിച്ചിരിക്കുന്ന കറന്‍സിയാണ് യുഎഇ ദിര്‍ഹം. ഒരു ദിര്‍ഹത്തിന് 28.14 രൂപ ലഭിക്കണമെങ്കില്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഏകദേശം 103.34 രൂപയിലേക്ക് താഴേണ്ടിവരും. അതിനാല്‍ ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ട നിരക്ക് യഥാര്‍ഥ വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് വിലയിരുത്തല്‍.
കറന്‍സി വിനിമയ വിവരങ്ങള്‍ കൈമാറുന്ന ഡാറ്റാ സംവിധാനത്തിലുണ്ടായ താല്‍ക്കാലിക സാങ്കേതിക പിശകോ തെറ്റായ നിരക്ക് രേഖപ്പെടുത്തിയതോ ആകാം ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ ഗൂഗിളിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
പണം അയയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക
നിലവില്‍ ഗൂഗിളില്‍ കാണിക്കുന്ന നിരക്കിനെ മാത്രം ആശ്രയിച്ച് പണം അയയ്ക്കാനുള്ള തീരുമാനമെടുക്കരുത്. ബാങ്കുകളുടെയും അംഗീകൃത മണി എക്സ്ചേഞ്ചുകളുടെയും യഥാര്‍ഥ വിനിമയ നിരക്ക് പരിശോധിക്കണം. ഓരോ സ്ഥാപനത്തിന്റെയും നിരക്കിലും സര്‍വീസ് ചാര്‍ജുകളിലും വ്യത്യാസമുണ്ടാകാം.
ഗൂഗിളില്‍ കണ്ട 28.14 രൂപയുടെ നിരക്ക് യഥാര്‍ഥ വിനിമയ നേട്ടമല്ലെന്നും പണം കൈമാറുന്നതിന് മുമ്പ് ഔദ്യോഗിക നിരക്ക് ഉറപ്പാക്കണമെന്നുമാണ് ഈ സംഭവം പ്രവാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.





