Abu Dhabi Big Ticket Malayali Winners;അബുദാബി ടിക്കറ്റിൽ ‘തൂക്കി മലയാളികൾ’; ഇനിയില്ല ആ കടബാധ്യതകൾ ബംമ്പർ അടിച്ചത് ശരിയായ സമയത്ത്;സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ!

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തിലെ രണ്ടാമത്തെ വാരാന്ത്യ ഇ-നറുക്കെടുപ്പിൽ മലയാളികൾക്ക് മിന്നും വിജയം. നാല് മലയാളികൾക്ക് 25,000 ദിർഹം (ഏകദേശം 6.5 ലക്ഷം രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. ഇതോടെ ആകെ ഒരു ലക്ഷം ദിർഹത്തിന്റെ (ഏകദേശം 25 ലക്ഷം രൂപ) സമ്മാനത്തുകയാണ് മലയാളികൾ സ്വന്തമാക്കിയത്.

ഹരീഷ് കുറുപ്പത്ത് (63), എം.എ. അബിൻസ് (36), ജോജി വർഗീസ് (46), മനോജ് പൊന്നോളിക്കൽ തോമസ് എന്നിവരാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയ മലയാളികൾ.

കടങ്ങൾ തീർക്കാൻ ഹരീഷ് കുറുപ്പത്ത്

ഒമാനിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന ഹരീഷ് കുറുപ്പത്തിന് ആദ്യ ബിഗ് ടിക്കറ്റ് വിജയം വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ 28 വർഷമായി കുടുംബത്തോടൊപ്പം ഒമാനിൽ താമസിക്കുന്ന ഇദ്ദേഹം ഒരു വർഷത്തിലേറെയായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. സമ്മാനത്തുക ഉപയോഗിച്ച് കുടിശ്ശികയുള്ള വായ്പകൾ തീർക്കാനാണ് ഹരീഷിന്റെ തീരുമാനം. കടബാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്ന സമയത്താണ് ഈ സമ്മാനം ലഭിച്ചതെന്ന സന്തോഷവും അദ്ദേഹം പങ്കുവച്ചു.

കൂട്ടുകാർക്കൊപ്പം വിജയം; കുടുംബത്തിനായി അബിൻസ്

കൊച്ചി സ്വദേശിയായ എം.എ. അബിൻസ് അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സെയിൽസ് എക്സിക്യൂട്ടീവാണ്. 2017 മുതൽ യുഎഇയിലുള്ള ഇദ്ദേഹം സുഹൃത്തുക്കൾക്കൊപ്പമാണ് വർഷങ്ങളായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. സമ്മാനവിവരം അറിയിച്ചുള്ള ഫോൺ കോൾ ആദ്യം തമാശയാണെന്നാണ് കരുതിയത്. പിന്നീട് വിജയം സ്ഥിരീകരിച്ചതോടെ സുഹൃത്തുക്കളോടൊപ്പം സന്തോഷം പങ്കിട്ടു. സമ്മാനത്തുക സുഹൃത്തുക്കൾക്കിടയിൽ വീതിച്ചെടുക്കും. തന്റെ വിഹിതം കുടുംബത്തിനായി ചെലവഴിക്കാനാണ് അബിൻസിന്റെ തീരുമാനം.

സമ്മാനത്തുക മുഴുവൻ നാട്ടിലേക്ക് അയയ്ക്കും; ജോജി വർഗീസ്

കഴിഞ്ഞ 18 വർഷമായി യുഎഇയിലെ ഉമ്മുൽഖുവൈനിൽ ജോലി ചെയ്യുന്ന ഫോർമാനാണ് ജോജി വർഗീസ് (46). സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം വർഷങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചുവരികയായിരുന്നു. ഒടുവിൽ ലഭിച്ച ആദ്യ വിജയത്തിന്റെ സന്തോഷത്തിലാണ് ജോജിയും കൂട്ടുകാരും. സമ്മാനത്തുക എല്ലാവരും പങ്കിട്ടെടുക്കുമ്പോൾ തന്റെ വിഹിതം മുഴുവനായും നാട്ടിലുള്ള കുടുംബത്തിന് അയച്ചുനൽകാനാണ് ജോജിയുടെ തീരുമാനം.

മനോജിനും ഭാഗ്യം തുണച്ചു

മലയാളിയായ മനോജ് പൊന്നോളിക്കൽ തോമസിനും ഇത്തവണ സമ്മാനം ലഭിച്ചു. നവംബർ 16ന് എടുത്ത 244515 എന്ന ടിക്കറ്റ് നമ്പറാണ് മനോജിന് ഭാഗ്യം കൊണ്ടുവന്നത്. ഈ നേട്ടം ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണെന്ന് അദ്ദേഹം സന്തോഷം പങ്കുവച്ചു.

ഡിസംബർ 3ന് 2.5 കോടി ദിർഹത്തിന്റെ മെഗാ സമ്മാനം

ബിഗ് ടിക്കറ്റിന്റെ അടുത്ത പ്രധാന നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ (ഏകദേശം 75 കോടി രൂപ) മെഗാ ഗ്രാൻഡ് പ്രൈസാണ് വിജയിയെ കാത്തിരിക്കുന്നത്. ഡിസംബർ 3നാണ് തത്സമയ നറുക്കെടുപ്പ്. ഇതിന് പുറമെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനവും ലഭിക്കും. ബിഗ് സ്പിൻ പ്രമോഷനും നിസാൻ പട്രോൾ, ബിഎംഡബ്ല്യു എം440i തുടങ്ങിയ ആഡംബര കാറുകൾ സ്വന്തമാക്കാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *