Houthi attacks on Saudi Arabia : സൗദിയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂത്തികൾ; മിസൈലുകൾ തകർത്തതായി സൗദി സഖ്യസേന

Houthi attacks on Saudi Arabia റിയാദ്: കഴിഞ്ഞ 48 മണിക്കൂറിനിടെ സൗദി അറേബ്യയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചതായി യെമനിലെ ഹൂത്തി വിമതർ അവകാശപ്പെട്ടു. വിമാനത്താവളങ്ങളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഹൂത്തികളുടെ അവകാശവാദം. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളവും രാജ്യത്തെ വിവിധ ഊർജ നിലയങ്ങളും ലക്ഷ്യമിട്ടതായി ഹൂത്തികൾ അറിയിച്ചു.

അതേസമയം, റിയാദിനും സൗദിയുടെ തെക്കൻ മേഖലകൾക്കും നേരെ തൊടുത്തുവിട്ട മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. ഞായറാഴ്ച പുലർച്ചെ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ക്രൂയിസ് മിസൈൽ ഉൾപ്പെടെയുള്ളവ ആകാശത്തുവെച്ച് നിർവീര്യമാക്കിയതായി സഖ്യസേന വ്യക്തമാക്കി.

കഴിഞ്ഞ 48 മണിക്കൂറിനിടെ സൗദി അരാംകോയുടെ ജിസാൻ റിഫൈനറിക്കും തെക്കുപടിഞ്ഞാറൻ സൗദിയിലെ രണ്ട് പവർ സ്റ്റേഷനുകൾക്കും നേരെ ആക്രമണം നടത്തിയതായും ഹൂത്തികൾ അവകാശപ്പെട്ടു. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ മറ്റൊരു കപ്പലിന് തീ വെച്ചതായും അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്.

ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സഹായകമാകുന്ന നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഞായറാഴ്ച സംയുക്ത സൈനിക നീക്കം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. എന്നാൽ, ഈ നീക്കത്തിൽ ആക്രമിക്കപ്പെട്ട കേന്ദ്രങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തെക്കൻ സൗദിയിലെ വിവിധ മേഖലകളിലേക്ക് വെള്ളവും വൈദ്യുതിയും വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ജിസാൻ പ്രവിശ്യയിലെ അൽ-ഷുഖൈഖിനെ ലക്ഷ്യമിട്ട് ശനിയാഴ്ച തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും സൗദി സഖ്യസേന തടഞ്ഞിരുന്നു.

യെമൻ അതിർത്തിയോട് ചേർന്ന ചെങ്കടൽ തീരത്തെ ജിസാൻ റിഫൈനറിക്ക് നേരെ വ്യാഴാഴ്ച നടന്ന മിസൈൽ ആക്രമണത്തിൽ ഒരു നേപ്പാൾ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ശനിയാഴ്ച സൗദി അധികൃതർ സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ഹാവിയ ഗ്യാസ് പ്ലാന്റിന് നേരെ ആക്രമണം നടത്തിയതായും ഹൂത്തികൾ അവകാശപ്പെട്ടിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *