
UAE National Day 2026:ദുബായ്: യുഎഇയുടെ 55-ാമത് ദേശീയദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് രാജ്യവ്യാപകമായി വിപുലമായ ഒരുക്കങ്ങൾ. നവംബർ, ഡിസംബർ മാസങ്ങളിലായി ഏഴ് എമിറേറ്റുകളിലും നടക്കുന്ന ആഘോഷങ്ങളുടെ വേദികൾ അധികൃതർ പ്രഖ്യാപിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും കുടുംബസമേതം ആഘോഷങ്ങളിൽ പങ്കുചേരാൻ അവസരമൊരുക്കുന്നതാണ് പരിപാടികൾ.
‘ബിലോംഗിങ് ഇൻ യൂണിറ്റി’ (Belonging in Unity) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിതാനുഭവങ്ങൾ, ഓർമകൾ, സാംസ്കാരിക പൈതൃകം എന്നിവയിലൂടെ ഐക്യവും ദേശീയബോധവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഏഴ് എമിറേറ്റുകളിലെയും ആഘോഷവേദികൾ
അബുദാബി: ഖലീഫ സിറ്റി, അൽ ഫലാഹ് സിറ്റി, അൽ ഷംഖ സിറ്റി, മജാലിസ് അബുദാബി എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ. അൽ ദഫ്റ മേഖലയിൽ മദീനത്ത് സായിദിലെ പബ്ലിക് പാർക്ക്, അൽ ഗയാത്തി, മജ്ലിസ് മുഹമ്മദ് അൽ ഫലാഹി അൽ യാസി എന്നിവിടങ്ങളിലും പരിപാടികളുണ്ടാകും. അൽ ഐനിൽ അൽ ഐൻ മ്യൂസിയം മജ്ലിസ്, അൽ മസൂദി മജ്ലിസ്, മസ്യാദ് മജ്ലിസ്, അൽ ഖുവാ മജ്ലിസ് എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ.
ദുബായ്: ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ബുർജ് ഖലീഫ, സിറ്റി വാക്ക് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും.
ഷാർജ: അൽ സിയൂഹ് പാർക്ക്, കഷിഷ പാർക്ക് എന്നിവിടങ്ങളിലാണ് പരിപാടികൾ.
അജ്മാൻ: അൽ ജുർഫ് ഫാമിലി പാർക്ക്, അൽ വാർഖ പാർക്ക് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കും.
ഉമ്മുൽ ഖുവൈൻ: മാൾ ഓഫ് യുഎക്യു ആണ് പ്രധാന ആഘോഷവേദി.
റാസൽഖൈമ: കോർണിഷ് അൽ ഖവാസിം, മനാർ മാൾ, റാക് കൾച്ചറൽ സെന്റർ എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും.
ഫുജൈറ: ഫുജൈറ ഫോർട്ട്, മജ്ലിസ് അൽ ബഹ എന്നിവിടങ്ങളിലാണ് പരിപാടികൾ.
വീടുകളിലിരുന്നും ആഘോഷങ്ങളിൽ പങ്കുചേരാം
നേരിട്ട് ആഘോഷവേദികളിലെത്താൻ കഴിയാത്തവർക്കായി ഔദ്യോഗിക ചടങ്ങ് രാജ്യത്തുടനീളമുള്ള സിനിമാ തിയേറ്ററുകളിലും പ്രാദേശിക ടെലിവിഷൻ ചാനലുകളിലും സംപ്രേഷണം ചെയ്യും. ഈദ് അൽ ഇത്തിഹാദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും ചടങ്ങ് തത്സമയം കാണാനാകും. സംപ്രേഷണ സമയങ്ങൾ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പിന്നീട് അറിയിക്കും.
കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ആഘോഷങ്ങളിൽ പങ്കുചേരാൻ സഹായിക്കുന്ന മൂന്ന് പ്രത്യേക സെലിബ്രേഷൻ ഗൈഡുകളും സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. ‘Our Celebration, Made Together’ എന്ന സംരംഭത്തിന്റെ ഭാഗമായി കഥപറച്ചിൽ, പരമ്പരാഗത ആചാരങ്ങൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയിലൂടെ കൂട്ടായ ആഘോഷങ്ങൾക്ക് പ്രോത്സാഹനം നൽകും.
ദേശീയദിനത്തിന്റെ ആവേശം പകരുന്ന പ്രത്യേക ഗാനങ്ങളുടെ പ്ലേലിസ്റ്റും ഈദ് അൽ ഇത്തിഹാദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്.
ഏഴ് എമിറേറ്റുകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ യുഎഇയിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ദേശീയദിനത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനുള്ള അവസരമാകും.





