
Burj Khalifa New Year 2027;;ദുബായ്: 2027-നെ വരവേൽക്കാൻ ലോകം കാത്തിരിക്കുന്ന ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷങ്ങൾക്ക് ടിക്കറ്റ് വിൽപന ആരംഭിച്ചു. ഡൗൺടൗൺ ദുബായിലെ ബുർജ് പാർക്കിൽ നടക്കുന്ന ആഘോഷങ്ങൾ ഇത്തവണ കൂടുതൽ ആകർഷകമാകും. പ്രശസ്ത സർക്കസ് സംഘമായ സർക്ക് ദു സൊലൈലിന്റെ (Cirque du Soleil) പ്രത്യേക പ്രകടനവും വെടിക്കെട്ടും ഉൾപ്പെടുന്ന ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കുന്നത്.
മൂന്ന് വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ജനറൽ അഡ്മിഷന് 1,750 ദിർഹം, ഗോൾഡൻ സർക്കിളിന് 3,500 ദിർഹം, വിഐപി ലോഞ്ചിന് 5,500 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഇതിന് പുറമെ വാറ്റും ബാധകമാണ്.
ജനറൽ അഡ്മിഷൻ ടിക്കറ്റിലൂടെ ബുർജ് പാർക്കിലെ വിനോദപരിപാടികൾ, സർക്ക് ദു സൊലൈൽ, ബ്ലൂ മാൻ ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ, അർധരാത്രിയിലെ വെടിക്കെട്ട് എന്നിവ ആസ്വദിക്കാം. ഈ വിഭാഗത്തിൽ മുൻകൂട്ടി നിശ്ചയിച്ച ഇരിപ്പിടങ്ങൾ ഉണ്ടായിരിക്കില്ല. ഭക്ഷണവും പാനീയങ്ങളും പ്രത്യേകം വാങ്ങണം.
ഗോൾഡൻ സർക്കിൾ ടിക്കറ്റുകാർക്ക് പ്രത്യേക പ്രവേശനകവാടം, വേദിക്ക് സമീപം നിശ്ചിത ഇരിപ്പിടം, ശീതളപാനീയങ്ങളും വെള്ളവും പരിധിയില്ലാതെ ലഭിക്കുന്ന സൗകര്യം എന്നിവയുണ്ടാകും. വിഐപി ലോഞ്ചിൽ പ്രത്യേക പ്രവേശനം, നിശ്ചിത ഇരിപ്പിടങ്ങൾ, ഡിന്നർ ബുഫെ, ലൈവ് കുക്കിങ് സ്റ്റേഷനുകൾ, ശീതളപാനീയങ്ങൾ, പ്രത്യേക സ്മരണികകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
രാത്രി 11.25നാണ് സർക്ക് ദു സൊലൈലിന്റെ പ്രത്യേക പ്രകടനം. തുടർന്ന് 11.59ന് ബുർജ് ഖലീഫയിൽ പുതുവർഷ കൗണ്ട്ഡൗൺ ആരംഭിക്കും. ബുർജ് ഖലീഫയും ദുബായ് ഫൗണ്ടനും നഗരത്തിന്റെ ആകാശക്കാഴ്ചകളും പശ്ചാത്തലമാക്കി വിപുലമായ ലൈവ് ഷോയും അരങ്ങേറും.
വൈകിട്ട് നാലിന് പ്രവേശന കവാടങ്ങൾ തുറക്കും. ആറുമുതൽ വിനോദപരിപാടികൾ ആരംഭിച്ച് പുലർച്ചെ ഒന്നിന് ആഘോഷങ്ങൾ സമാപിക്കും.
അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കൊപ്പം മാത്രമേ പ്രവേശിക്കാവൂ. അഞ്ചുവയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും പ്രത്യേക ടിക്കറ്റ് നിർബന്ധമാണ്. പരിപാടി നടക്കുന്ന ദിവസം പ്രവേശന കവാടത്തിൽനിന്ന് ടിക്കറ്റ് വാങ്ങാനാകില്ല.
ഡൗൺടൗൺ ദുബായിൽ ടിക്കറ്റ് എടുത്ത് പ്രവേശിക്കേണ്ട ഏക ഔദ്യോഗിക കാഴ്ചാകേന്ദ്രമാണ് ബുർജ് പാർക്ക്. എന്നാൽ ബുർജ് ഖലീഫയ്ക്ക് ചുറ്റുമുള്ള മറ്റ് പൊതുകാഴ്ചാ മേഖലകളിൽ നിന്ന് ആഘോഷങ്ങൾ സൗജന്യമായി ആസ്വദിക്കാം.
യാത്രാസൗകര്യത്തിനായി അൽ മെയ്ദാൻ ഗ്രാൻഡ്സ്റ്റാൻഡ്, അൽ വാസൽ ക്ലബ് പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സൗജന്യ ഷട്ടിൽ ബസുകളും സർവീസ് നടത്തും.





