
How Strait of Hormuz ദുബൈ: എണ്ണ കയറ്റുമതിക്കായി ബദൽ പൈപ്പ്ലൈനുകളും ലോജിസ്റ്റിക്സ് ശൃംഖലകളും വികസിപ്പിക്കുന്നതിലൂടെ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങൾക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് എച്ച്എസ്ബിസി ഗ്രൂപ്പ് സിഇഒ ജോർജസ് എൽഹെഡറി. ദുബൈയിൽ ചൊവ്വാഴ്ച നടന്ന എച്ച്എസ്ബിസി ഫ്യൂച്ചർ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ യുദ്ധം ബദൽ കയറ്റുമതി മാർഗങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടിയതായും അദ്ദേഹം പറഞ്ഞു. മേഖലയ്ക്ക് പ്രതിസന്ധിയിൽനിന്ന് കരകയറി തുടർന്നും വളരാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഇതിനായി വലിയ തോതിലുള്ള നിക്ഷേപം ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘർഷത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ അഞ്ച് വർഷത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നും എൽഹെഡറി അഭിപ്രായപ്പെട്ടു. കടലിടുക്കിന് പകരം എല്ലാ കയറ്റുമതിയും നടത്താൻ കഴിയുമെന്ന ഉറപ്പല്ല ഇത്. ബദൽ ഗതാഗത സംവിധാനങ്ങൾ വികസിക്കുന്നതോടെ അതിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം കുറയുമെന്ന വിലയിരുത്തലാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാത
സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്ക് വഴിയായിരുന്നു നടന്നിരുന്നത്. ഈ പാതയിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോള ഊർജവിതരണത്തെ എത്രത്തോളം ബാധിക്കുമെന്നതും പ്രതിസന്ധി വ്യക്തമാക്കിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന് പുറത്തുള്ള തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാൻ കഴിയുന്ന പൈപ്പ്ലൈനുകൾ വികസിപ്പിക്കുകയാണ് പ്രധാന ബദൽ മാർഗങ്ങളിലൊന്ന്. ഇതിലൂടെ കടലിടുക്ക് കടക്കാതെ തന്നെ ചില എണ്ണ കയറ്റുമതികൾ തുടരാൻ സാധിക്കും. കപ്പൽ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യങ്ങളിൽ ഇത്തരം സംവിധാനങ്ങൾ രാജ്യങ്ങൾക്ക് കൂടുതൽ വഴികൾ തുറന്നുനൽകും.
എന്നാൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ മാത്രം ഉപയോഗിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള മുഴുവൻ എണ്ണ, എൽഎൻജി വ്യാപാരവും അഞ്ച് വർഷത്തിനുള്ളിൽ മറ്റുവഴികളിലേക്ക് മാറ്റാൻ കഴിയുമെന്ന് ഉറപ്പിക്കാനാവില്ല.
സൗദിയുടെ പൈപ്പ്ലൈൻ ശേഷി വർധിപ്പിക്കും
ഹോർമുസ് കടലിടുക്കിനെ മറികടന്ന് എണ്ണ കയറ്റുമതി നടത്താനുള്ള സൗദി അറേബ്യയുടെ ഈസ്റ്റ്–വെസ്റ്റ് പൈപ്പ്ലൈൻ പ്രധാന ഉദാഹരണമാണ്. രാജ്യത്തെ എണ്ണപ്പാടങ്ങളിൽനിന്ന് ചെങ്കടലിലെ കയറ്റുമതി ടെർമിനലുകളിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാൻ ഈ പൈപ്പ്ലൈൻ സഹായിക്കുന്നു.
നിലവിൽ പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ കടത്താനുള്ള ശേഷിയുള്ള പൈപ്പ്ലൈനിന്റെ ശേഷി അടുത്ത രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി ബാരലായി ഉയർത്താനാണ് സൗദിയുടെ പദ്ധതി. റിയാദിൽ കഴിഞ്ഞയാഴ്ച നടന്ന ഡബ്ല്യുപിസി എനർജി കോൺഗ്രസിൽ സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാനാണ് ഇക്കാര്യം അറിയിച്ചത്.
ശേഷി വർധിപ്പിക്കുന്നതോടെ പ്രതിദിനം 30 ലക്ഷം ബാരൽ അധിക എണ്ണ കടത്താൻ സാധിക്കും. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ തടസ്സമുണ്ടാകുമ്പോൾ എണ്ണ കയറ്റുമതി തുടരാനുള്ള സൗദിയുടെ സാധ്യതകൾ ഇതിലൂടെ വർധിക്കും.
അതേസമയം, സൗദിയുടെ പൈപ്പ്ലൈൻ ശേഷി വർധിപ്പിക്കുന്നത് മാത്രം ഗൾഫ് മേഖലയിലെ മുഴുവൻ എണ്ണ-വാതക കയറ്റുമതിയും ബദൽ മാർഗങ്ങളിലൂടെ നടത്താൻ മതിയാകില്ല. കൂടുതൽ പൈപ്പ്ലൈനുകളും തുറമുഖ സൗകര്യങ്ങളും ഗതാഗത ശൃംഖലകളും വികസിപ്പിക്കുന്നതിന് വൻതോതിലുള്ള നിക്ഷേപം ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.
ഗൾഫ് രാജ്യങ്ങളുടെ ഊർജ കയറ്റുമതി തടസ്സങ്ങളില്ലാതെ തുടരുന്നതിനും ആഗോള വിപണിയിലേക്കുള്ള ചരക്കുനീക്കം കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഇത്തരം ബദൽ സംവിധാനങ്ങൾ നിർണായകമാകുമെന്നാണ് പ്രതീക്ഷ.