Qatar Introduces New Law to Oversee Fuel Stations ഖത്തറിൽ ഇന്ധനനിലയങ്ങളുടെ മേൽനോട്ടത്തിന് പുതിയ നിയമം; ലംഘിച്ചാൽ കനത്ത പിഴ


Qatar Introduces New Law to Oversee Fuel Stations ദോഹ: ഖത്തറിലെ ഇന്ധനനിലയങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുമായി പുതിയ നിയമം പുറപ്പെടുവിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയാണ് 2026-ലെ 16-ാം നമ്പർ നിയമത്തിന് അംഗീകാരം നൽകിയത്. ഖത്തർ എനർജിക്ക് കീഴിൽ ഇന്ധനനിലയ നിരീക്ഷണ സമിതി രൂപീകരിക്കുന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. ഒക്ടോബർ 25-ന് ഔദ്യോഗിക ഗസറ്റിൽ നിയമം പ്രസിദ്ധീകരിച്ചു.

ഇന്ധനനിലയങ്ങളുടെ പ്രവർത്തനം വിലയിരുത്തുക, നിലവിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പുതിയ ലൈസൻസുകൾക്കും ലൈസൻസ് പുതുക്കലിനുമുള്ള അപേക്ഷകൾ പരിശോധിക്കുക എന്നിവ സമിതിയുടെ ചുമതലകളാണ്. നിലയങ്ങളിലോ അവയുടെ അനുബന്ധ സൗകര്യങ്ങളിലോ മാറ്റങ്ങൾ വരുത്തുന്നതിനും സമിതിയുടെ അംഗീകാരം ആവശ്യമാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധം

ഇന്ധനനിലയങ്ങളുടെ നടത്തിപ്പുകാർ സാങ്കേതികവും സുരക്ഷാപരവുമായ മാനദണ്ഡങ്ങൾ പാലിക്കണം. ജീവനക്കാർക്കും സന്ദർശകർക്കും വാഹനങ്ങൾക്കും മൂന്നാം കക്ഷികൾക്കും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ പരിരക്ഷിക്കുന്ന ഇൻഷുറൻസ് ഉണ്ടായിരിക്കണം. നിലയങ്ങളുടെ പ്രവർത്തനച്ചുമതലയുള്ള ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുകയും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും വേണം.

ഇന്ധനനിലയങ്ങളിൽ അനുവദനീയമായ പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നും നിലയത്തിനുള്ളിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ അകലങ്ങൾ എത്രയായിരിക്കണമെന്നും സമിതി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിശ്ചയിക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ നിലയങ്ങൾ എത്രത്തോളം സജ്ജമാണെന്നും സമിതി പരിശോധിക്കും.

നിയമലംഘനത്തിന് കടുത്ത നടപടി

നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട ലൈസൻസുള്ള സ്ഥാപനത്തിന് വീഴ്ച പരിഹരിക്കാൻ സമയം അനുവദിക്കും. ലംഘനത്തിന്റെ സ്വഭാവവും അപകടസാധ്യതയും അനുസരിച്ച് ഇന്ധനവിതരണം നിർത്തിവയ്ക്കുകയോ നിലയം താൽക്കാലികമായി അടച്ചുപൂട്ടുകയോ ചെയ്യാം. വീഴ്ച പരിഹരിക്കാത്ത സാഹചര്യത്തിൽ സ്ഥിരമായി അടച്ചുപൂട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

അന്തിമമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട ഇന്ധനനിലയം വീണ്ടും പ്രവർത്തിപ്പിക്കുന്നവർക്ക് ഒരു വർഷം വരെ തടവോ പരമാവധി 20 ലക്ഷം ഖത്തർ റിയാൽ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. നിയമത്തിലെ മറ്റ് ചില ലംഘനങ്ങൾക്ക് പരമാവധി 10 ലക്ഷം റിയാൽ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.

ആറുമാസത്തിനകം വ്യവസ്ഥകൾ പാലിക്കണം

പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നിയമം പ്രാബല്യത്തിൽ വന്ന തീയതി മുതൽ ആറുമാസത്തിനകം തങ്ങളുടെ പ്രവർത്തനങ്ങൾ പുതിയ വ്യവസ്ഥകൾക്ക് അനുസൃതമാക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ ഈ സമയപരിധി സമാന കാലയളവുകളിലേക്ക് നീട്ടാൻ ഊർജകാര്യ ചുമതലയുള്ള സഹമന്ത്രി അധികാരപ്പെട്ടിരിക്കുന്നു.

ഇന്ധനനിലയങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുക, ലൈസൻസിങ് നടപടികൾ ക്രമീകരിക്കുക, അടിയന്തര സാഹചര്യങ്ങളോടുള്ള തയ്യാറെടുപ്പ് ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഖത്തറിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങളും അറിയാൻ ചാനൽ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *