
UAE to Prosecute Military Employees അബുദാബി: യുഎഇയിൽ നിർബന്ധിത ദേശീയ സൈനിക സേവനത്തിൽനിന്ന് അർഹതയില്ലാത്തവർക്ക് ഇളവ് നേടിക്കൊടുക്കാൻ അധികാരദുർവിനിയോഗം നടത്തിയെന്ന കേസിൽ നിരവധി സൈനിക ജീവനക്കാരെ സൈനിക കോടതിയിൽ വിചാരണ ചെയ്യാൻ കൈമാറി. ഔദ്യോഗിക രേഖകളിലും മെഡിക്കൽ റിപ്പോർട്ടുകളിലും കൃത്രിമം കാണിച്ചതടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
യുഎഇ സൈനിക അറ്റോർണി ജനറലാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നടപടി സ്വീകരിച്ചത്. ചിലർക്ക് അർഹതയില്ലാത്ത ഇളവുകൾ ലഭ്യമാക്കി ദേശീയ സൈനിക സേവനത്തിനുള്ള നടപടിക്രമങ്ങൾ മറികടക്കാൻ സഹായിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഔദ്യോഗിക വിവരങ്ങളിലും രേഖകളിലും കൃത്രിമം കാണിക്കൽ, വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കൽ, ദേശീയ-റിസർവ് സൈനിക സേവനം പൂർത്തിയാക്കിയതിന്റെ തെളിവുകളിൽ മാറ്റം വരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കേസുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരും റിക്രൂട്ടുകളും സൈനിക നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ നടപടികൾ നേരിടും. ദേശീയ സൈനിക സേവനവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും മറികടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നതിന്റെ ഭാഗമായാണ് ഈ നീക്കം.





