
Dubai road closures ദുബായ്: ദുബായ് റൈഡ് 2026 സൈക്ലിങ് പരിപാടിയുടെ ഭാഗമായി ഞായറാഴ്ച (നവംബർ 1) നഗരത്തിലെ വിവിധ പ്രധാന റോഡുകളിൽ ഗതാഗത തടസ്സവും നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
പുലർച്ചെ 3 മണി മുതൽ രാവിലെ 9.30 വരെയാണ് ഗതാഗത നിയന്ത്രണങ്ങൾ പ്രതീക്ഷിക്കുന്നത്. ദുബായ് റൈഡിന്റെ ഭാഗമായി ഷെയ്ഖ് സായിദ് റോഡ് സൈക്ലിങ് ട്രാക്കായി മാറും. ട്രേഡ് സെന്റർ ജങ്ഷൻ മുതൽ അൽ സഫ പാലം വരെയുള്ള ഷെയ്ഖ് സായിദ് റോഡിലും ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിലും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിന്റെ ഒരു ഭാഗത്തും ഗതാഗത നിയന്ത്രണമുണ്ടാകും.
യാത്രക്കാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സാധ്യമെങ്കിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും RTA നിർദേശിച്ചു. ദുബായ് റൈഡിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കും സൗകര്യമൊരുക്കുന്നതിനായി ഞായറാഴ്ച പുലർച്ചെ 3 മണി മുതൽ അർധരാത്രി വരെ ദുബായ് മെട്രോ സർവീസ് ഉണ്ടായിരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനയാത്രക്കാർ അധികൃതരുടെ നിർദേശങ്ങളും റോഡ് സൂചനകളും പാലിക്കണമെന്നും RTA അറിയിച്ചു.





