Expat malayali dead: നാട്ടിലേക്കുളള യാത്രയ്ക്ക് നിമിഷങ്ങൾ ബാക്കിനിൽക്കെ വിധി തട്ടിയെടുത്തു; തീരാനൊമ്പരമായി മലയാളി

Expat malayali dead;റിയാദ്: നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സൗദി അറേബ്യയിൽ തിരുവനന്തപുരം സ്വദേശി അന്തരിച്ചു. വെറ്റിനാട് സ്വദേശി രാജേഷ് (58) ആണ് മരിച്ചത്. 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് രാജേഷിന്റെ വിയോഗം.

സൗദി അറേബ്യയിലെ അൽഖർജിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അൽഖർജിലെ കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതോടെ ആവശ്യമായ യാത്രാരേഖകളും വിമാനടിക്കറ്റും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം ഏറ്റെടുത്തു.

വിമാനത്താവളത്തിലേക്ക് പോകുന്നതിനായി വീൽചെയർ, വിമാനയാത്രയ്ക്കുള്ള അനുമതി തുടങ്ങിയ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ യാത്രയ്ക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ രക്തസമ്മർദം താഴുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഒക്ടോബർ നാലിന് മരണം സംഭവിച്ചത്.

മരണശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ഏറ്റെടുത്തു. ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഫണ്ടിൽനിന്നും ആവശ്യമായ സഹായം ലഭ്യമാക്കി. പ്രത്യേക സാഹചര്യങ്ങൾ കാരണം മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ചില പ്രതിസന്ധികൾ നേരിട്ടെങ്കിലും ഒടുവിൽ ഒക്ടോബർ 29ന് ദമാം വിമാനത്താവളത്തിൽനിന്ന് ബഹ്‌റൈൻ വഴി തിരുവനന്തപുരത്ത് എത്തിച്ചു. ഒക്ടോബർ 30ന് സംസ്കാരച്ചടങ്ങുകൾ നടത്തി.

32 വർഷമായി അൽഖർജിലെ സഹന പ്രദേശത്തുള്ള വർക്ക്‌ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. പരേതനായ സുകുമാരപിള്ളയുടെയും ഓമന അമ്മയുടെയും മകനാണ്. ഭാര്യ: സരിതകുമാരി. മക്കൾ: ശ്രീരാഗ്, ശ്രീനാഥ്. ഇരുവരും വിദ്യാർഥികളാണ്. സഹോദരൻ: സുരേഷ് കുമാർ.

യുഎഇയിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ*

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy