
Gold Price Drop October : ആഗോള വിപണിയിൽ സ്വർണവിലയിൽ ഇടിവ്. എണ്ണവില ഉയരുന്നതും അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കുമെന്ന ആശങ്കയും പലിശനിരക്ക് ഉയർത്താനുള്ള സാധ്യതകളും സ്വർണവിലയെ ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഇറാനെതിരെ വീണ്ടും ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കയെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു.
വെള്ളിയാഴ്ച വൈകുന്നേരം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 117 ഡോളർ കടന്നതായി അൽ ജസീറ അർജന്റ് എക്സ് പ്ലാറ്റ്ഫോമിലൂടെ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഇന്ന് രാവിലെ സ്പോട്ട് വിപണിയിൽ സ്വർണവില 0.5 ശതമാനം കുറഞ്ഞ് ഔൺസിന് 4,000.54 ഡോളറിലെത്തി. ഡിസംബറിൽ വിതരണം ചെയ്യുന്നതിനുള്ള യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 0.5 ശതമാനം കുറഞ്ഞ് ഔൺസിന് 4,010.10 ഡോളറിലെത്തി. ഖത്തർ ന്യൂസ് ഏജൻസിയാണ് (ക്യുഎൻഎ) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മറ്റ് വിലയേറിയ ലോഹങ്ങളുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. വെള്ളിയുടെ വില 1.6 ശതമാനം കുറഞ്ഞ് ഔൺസിന് 51.53 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ വില 1.9 ശതമാനം ഇടിഞ്ഞ് 1,459.75 ഡോളറിലെത്തി. പല്ലേഡിയത്തിന്റെ വില 1.4 ശതമാനം കുറഞ്ഞ് ഔൺസിന് 992.37 ഡോളറായും താഴ്ന്നു.
എണ്ണവിലയിലെ വർധനയും അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകളും സാമ്പത്തിക വിപണികളിൽ ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് സ്വർണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ വിലയിൽ ഇടിവുണ്ടായത്.
ഖത്തറിൽ വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടത്തിന് മുന്നിൽ പാർക്ക് ചെയ്താൽ 300 റിയാൽ പിഴ; 3 ട്രാഫിക് പോയിന്റും
Qatar Greeshma Staff Editor — October 31, 2026·1 Comment

Qatar parking fine : ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങൾക്കും പുറത്തേക്കുള്ള വഴികൾക്കും മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം നിയമലംഘനങ്ങൾക്ക് 300 ഖത്തർ റിയാൽ പിഴയും ഡ്രൈവർമാരുടെ ട്രാഫിക് രേഖയിൽ മൂന്ന് പോയിന്റുകളും ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മറ്റുള്ളവരുടെ വാഹനങ്ങൾക്കും യാത്രയ്ക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ഡ്രൈവർമാരോട് നിർദേശിച്ചു. വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങൾ തടയുന്നതും പുറത്തേക്കുള്ള വഴികളിൽ വാഹനങ്ങൾ നിർത്തുന്നതും പൊതുവായ ഗതാഗത മര്യാദകളുടെ ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ മറ്റുള്ളവരുടെ അവകാശങ്ങൾ മാനിക്കണമെന്നും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമുണ്ടാക്കരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 78, ക്ലോസ് 4 പ്രകാരം വീടുകളിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നിയമലംഘനം നടത്തുന്നവർക്ക് 300 റിയാൽ പിഴയും മൂന്ന് ട്രാഫിക് പോയിന്റുകളും ലഭിക്കും.
ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെയും റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.





