
Qatar parking fine : ദോഹ: വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങൾക്കും പുറത്തേക്കുള്ള വഴികൾക്കും മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇത്തരം നിയമലംഘനങ്ങൾക്ക് 300 ഖത്തർ റിയാൽ പിഴയും ഡ്രൈവർമാരുടെ ട്രാഫിക് രേഖയിൽ മൂന്ന് പോയിന്റുകളും ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മറ്റുള്ളവരുടെ വാഹനങ്ങൾക്കും യാത്രയ്ക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ഡ്രൈവർമാരോട് നിർദേശിച്ചു. വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശന കവാടങ്ങൾ തടയുന്നതും പുറത്തേക്കുള്ള വഴികളിൽ വാഹനങ്ങൾ നിർത്തുന്നതും പൊതുവായ ഗതാഗത മര്യാദകളുടെ ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ മറ്റുള്ളവരുടെ അവകാശങ്ങൾ മാനിക്കണമെന്നും വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമുണ്ടാക്കരുതെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ഖത്തർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 78, ക്ലോസ് 4 പ്രകാരം വീടുകളിലേക്കുള്ള പ്രവേശന കവാടങ്ങൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. നിയമലംഘനം നടത്തുന്നവർക്ക് 300 റിയാൽ പിഴയും മൂന്ന് ട്രാഫിക് പോയിന്റുകളും ലഭിക്കും.
ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിന്റെയും റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.






1 Comment