
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കസ്റ്റംസ് നിയമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ദുബായിലെ സ്വർണക്കടകളിൽ ആഭരണങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയിലേക്ക് എത്രത്തോളം സ്വർണം നികുതിയില്ലാതെ കൊണ്ടുവരാമെന്ന കാര്യത്തിൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
ഇന്ത്യയുടെ 2026-ലെ പുതിയ ബാഗേജ് നിയമങ്ങൾ പ്രകാരം, വിദേശത്ത് ഒരു വർഷത്തിലധികം താമസിച്ചിട്ടുള്ള അർഹരായ ഇന്ത്യൻ പ്രവാസികൾക്ക് നിശ്ചിത അളവിൽ സ്വർണാഭരണങ്ങൾ കസ്റ്റംസ് തീരുവയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം.
സ്ത്രീകൾക്ക് 40 ഗ്രാം, പുരുഷന്മാർക്ക് 20 ഗ്രാം
വിദേശത്ത് ഒരു വർഷത്തിലധികം താമസിച്ചിട്ടുള്ള അർഹരായ യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
• സ്ത്രീകൾക്ക്: 40 ഗ്രാം വരെ സ്വർണാഭരണങ്ങൾ.
• പുരുഷന്മാർക്കും മറ്റ് യാത്രക്കാർക്കും: 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ.
ഇവിടെ സ്വർണത്തിന്റെ വിലയല്ല, തൂക്കമാണ് പ്രധാന മാനദണ്ഡം. കല്ലുകളോ മറ്റ് വസ്തുക്കളോ പതിപ്പിച്ച ആഭരണങ്ങളാണെങ്കിൽ അതിലെ സ്വർണത്തിന്റെ യഥാർഥ തൂക്കമാണ് കണക്കാക്കുക.
എന്നാൽ സ്വർണക്കട്ടികൾ (Gold Bars), സ്വർണനാണയങ്ങൾ (Gold Coins), ബുള്ളിയൻ എന്നിവയ്ക്ക് ഈ നികുതിയിളവ് ബാധകമല്ല. വിദേശത്ത് ഒരു വർഷത്തിലധികം താമസിച്ചിരിക്കണമെന്ന നിബന്ധനയും പാലിക്കണം.
ഒരു കിലോ വരെ സ്വർണം കൊണ്ടുവരാമോ?
അതെ. എന്നാൽ നികുതി അടയ്ക്കേണ്ടിവരും. ഇന്ത്യൻ വംശജരോ സാധുവായ ഇന്ത്യൻ പാസ്പോർട്ടുള്ളവരോ ആയ അർഹരായ യാത്രക്കാർക്ക് പ്രത്യേക വ്യവസ്ഥകൾ പ്രകാരം ഒരാൾക്ക് പരമാവധി ഒരു കിലോഗ്രാം സ്വർണം വരെ ഇന്ത്യയിലേക്ക് കൊണ്ടുവരാം.
ഇതിനായി വിദേശത്ത് കുറഞ്ഞത് ആറുമാസമെങ്കിലും താമസിച്ചിരിക്കണം. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി ഇന്ത്യയിലേക്കുള്ള ഹ്രസ്വ സന്ദർശനങ്ങൾ 30 ദിവസം വരെ കണക്കിൽ നിന്ന് ഒഴിവാക്കാം. കൂടാതെ ബാധകമായ കസ്റ്റംസ് തീരുവ വിദേശ കറൻസിയിൽ അടയ്ക്കുകയും വേണം.
സ്വർണത്തിന് എത്ര ശതമാനം കസ്റ്റംസ് ഡ്യൂട്ടി?
2026 മെയ് മുതൽ പ്രത്യേക ഇറക്കുമതി പദ്ധതിപ്രകാരം അർഹരായ യാത്രക്കാർക്ക് ബാധകമായ കസ്റ്റംസ് തീരുവ 15 ശതമാനമാണ്. ഇതിൽ 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് സെസും ഉൾപ്പെടുന്നു.
നേരത്തെ ഈ നിരക്ക് ആറ് ശതമാനമായിരുന്നു.
കസ്റ്റംസ് അധികൃതർ നിശ്ചയിക്കുന്ന മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഉദാഹരണത്തിന്, സ്വർണത്തിന്റെ കസ്റ്റംസ് മൂല്യം ഒരു ലക്ഷം രൂപയാണെങ്കിൽ 15,000 രൂപ നികുതിയായി നൽകണം. ദുബായിൽ വാങ്ങിയ ഇൻവോയ്സിലെ വിലയും കസ്റ്റംസ് കണക്കാക്കുന്ന മൂല്യവും വ്യത്യാസപ്പെട്ടേക്കാം.
10 കിലോ വരെ വെള്ളിയും കൊണ്ടുവരാം
അർഹരായ ഇന്ത്യൻ യാത്രക്കാർക്ക് പ്രത്യേക നികുതി അടയ്ക്കുന്ന പദ്ധതിപ്രകാരം 10 കിലോഗ്രാം വരെ വെള്ളിയും ആഭരണങ്ങൾ ഉൾപ്പെടെ കൊണ്ടുവരാം. ഇതിനും വിദേശത്ത് ആറുമാസത്തെ താമസവും വിദേശ കറൻസിയിൽ നികുതി അടയ്ക്കണമെന്ന വ്യവസ്ഥയും ബാധകമാണ്.
വിമാനത്താവളത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അനുവദിച്ച പരിധിക്ക് മുകളിലുള്ള സ്വർണം കൈവശമുള്ളവർ ഇന്ത്യൻ വിമാനത്താവളത്തിലെ റെഡ് ചാനൽ വഴി അത് പ്രഖ്യാപിക്കണം. ആവശ്യമായ രേഖകൾ സമർപ്പിച്ച് നികുതി അടയ്ക്കണം.
യാത്രക്കാർക്ക് ഇന്ത്യയുടെ ATITHI ആപ്പ് അല്ലെങ്കിൽ വെബ് പോർട്ടൽ വഴി എത്തിച്ചേരുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ CBD-I ഫോം സമർപ്പിക്കാം. വിമാനത്താവളത്തിൽ എത്തുന്നതുവരെ പ്രഖ്യാപനത്തിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.
അനുവദിച്ച പരിധിക്കുള്ളിൽ നികുതി ബാധകമല്ലാത്ത വസ്തുക്കൾ മാത്രം കൈവശമുള്ളവർക്കാണ് ഗ്രീൻ ചാനൽ ഉപയോഗിക്കാനാവുക.
സ്വർണം വാങ്ങിയതിന്റെ യഥാർഥ ബില്ലുകളും പരിശുദ്ധി സർട്ടിഫിക്കറ്റുകളും യാത്രക്കാർ സൂക്ഷിക്കണം. സ്വർണം പ്രഖ്യാപിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ സ്വർണം പിടിച്ചെടുക്കൽ, പിഴ, നിയമനടപടികൾ തുടങ്ങിയവ നേരിടേണ്ടിവരും.
വിവാഹ ആവശ്യത്തിന് സ്വർണം കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക
വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ വേണ്ടി താൽക്കാലികമായി ഇന്ത്യയിലേക്ക് ആഭരണങ്ങൾ കൊണ്ടുപോയി പിന്നീട് തിരികെ യുഎഇയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരിൽ നിന്ന് Temporary Baggage Import Certificate (Form CBD-IV) വാങ്ങണം.
അനുവദിച്ച കാലയളവിനുള്ളിൽ ആഭരണങ്ങൾ തിരികെ കൊണ്ടുപോകുകയും സർട്ടിഫിക്കറ്റിലെ നിബന്ധനകൾ പാലിക്കുകയും വേണം.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരാൻ പദ്ധതിയിടുന്ന പ്രവാസികൾ യാത്രയ്ക്ക് മുമ്പ് നിലവിലെ കസ്റ്റംസ് നിയമങ്ങളും തങ്ങളുടെ യോഗ്യതയും പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.





