
Qatar Announces 2026 National Day Slogan ദോഹ: ഖത്തറിന്റെ 2026-ലെ ദേശീയദിനാഘോഷങ്ങളുടെ ഔദ്യോഗിക മുദ്രാവാക്യം പ്രഖ്യാപിച്ചു. ‘നിങ്ങളാണ് രാജ്യത്തിന്റെ നിധി’ (You Are the Nation’s Treasure) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. സാംസ്കാരിക മന്ത്രി കൂടിയായ ദേശീയദിനാഘോഷ സംഘാടക സമിതി ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് അൽഥാനിയാണ് മുദ്രാവാക്യം പുറത്തിറക്കിയത്.
ഖത്തറിന്റെ മുൻ അമീറും പിതൃ അമീറുമായിരുന്ന ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അധികാര കൈമാറ്റ വേളയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽനിന്നാണ് ഈ മുദ്രാവാക്യം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ വർത്തമാനം കെട്ടിപ്പടുക്കുകയും ഭാവിയുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് മക്കളെന്നും അവരുടെ കഴിവുകളിലും നേട്ടങ്ങളിലും രാജ്യത്തിന് വലിയ പ്രതീക്ഷയുണ്ടെന്നും മുൻ അമീർ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ യഥാർഥ സമ്പത്ത് അതിലെ ജനങ്ങളാണെന്ന ആശയമാണ് ഈ വർഷത്തെ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. രാജ്യത്തോടുള്ള ഉത്തരവാദിത്തബോധം, ഐക്യം, അർപ്പണബോധം, കഠിനാധ്വാനം എന്നിവയിലൂടെ ഓരോ പൗരനും രാജ്യത്തിന്റെ പുരോഗതിയിൽ പങ്കാളികളാകണമെന്ന സന്ദേശവും ഇതിലുണ്ട്.
ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ വിയോഗത്തിനുശേഷം നടക്കുന്ന ആദ്യ ദേശീയ ദിനാഘോഷമാണിത്. രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രബിന്ദുവായി ഖത്തർ പൗരന്മാരെ കണ്ട അദ്ദേഹത്തിന്റെ ദേശീയ കാഴ്ചപ്പാടും പാരമ്പര്യവും ഓർമിക്കുന്നതിനുള്ള അവസരം കൂടിയാണിത്.
പൂർവികർ കഠിനമായ ജീവിതസാഹചര്യങ്ങളെയും വിഭവങ്ങളുടെ പരിമിതികളെയും ഐക്യത്തോടെയും ക്ഷമയോടെയും അതിജീവിച്ചാണ് രാജ്യത്തിന്റെ അടിത്തറ പാകിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ ത്യാഗങ്ങളും അധ്വാനവും വരുംതലമുറകൾക്ക് വഴികാട്ടിയായി. രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിച്ചും പൂർവികരുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചും വികസനയാത്ര തുടരാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് 2026-ലെ ദേശീയദിന മുദ്രാവാക്യം.





