Kuwait school regulations : സ്കൂളുകളിൽ പണപ്പിരിവിനും അനുമതിയില്ലാത്ത പരിപാടികൾക്കും വിലക്ക്; പുതിയ ചട്ടങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിലെ പ്രവർത്തനങ്ങളും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പെരുമാറ്റവും നിയന്ത്രിക്കുന്നതിനായി പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ പണം ശേഖരിക്കുന്നതിനും സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്നതിനും അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.

തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഈ നിയമങ്ങൾ ബാധകമാണ്. പണമോ സാധനങ്ങളോ സംഭാവനയായി സ്വീകരിക്കുന്നതും ഏതെങ്കിലും ആവശ്യത്തിനായി സ്കൂളിനുള്ളിൽ പിരിവ് നടത്തുന്നതും അനുവദിക്കില്ല. സംഭാവനയുടെ ഉദ്ദേശ്യം എന്താണെന്നത് പരിഗണിക്കാതെയാണ് ഈ നിയന്ത്രണം.

സ്കൂളിലെ ഔദ്യോഗിക പദവികളോ സൗകര്യങ്ങളോ വ്യക്തിപരമായോ സാമ്പത്തികമായോ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സാധനങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പനയും പ്രചാരണവും സ്കൂൾ പരിസരത്ത് അനുവദിക്കില്ല.

സ്കൂളുകളിലെ എല്ലാ വാങ്ങലുകളും കരാറുകളും പണമിടപാടുകളും ശേഖരണങ്ങളും നിലവിലുള്ള നിയമങ്ങളും ഔദ്യോഗിക നടപടിക്രമങ്ങളും അനുസരിച്ചായിരിക്കണം. മുൻകൂർ അനുമതിയില്ലാതെ സ്കൂളുകളിൽ പരിപാടികളോ മറ്റ് പ്രവർത്തനങ്ങളോ സംഘടിപ്പിക്കാനും പാടില്ല.

സ്കൂൾ കാന്റീനുകൾ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. അംഗീകാരമില്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഭക്ഷണപാനീയങ്ങൾ സ്കൂളുകളിൽ വിൽക്കാനോ വിതരണം ചെയ്യാനോ അനുവദിക്കില്ല.

വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കുക, ജോലിസ്ഥലത്ത് അച്ചടക്കം പാലിക്കുക, ജീവനക്കാർ പ്രൊഫഷണൽ രീതിയിൽ പെരുമാറുക തുടങ്ങിയ കാര്യങ്ങൾക്കും പുതിയ ചട്ടങ്ങളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

സ്കൂളുകളുടെ പ്രവർത്തനം ക്രമീകരിക്കുകയും വിദ്യാർത്ഥികൾക്ക് സുരക്ഷിതവും അച്ചടക്കമുള്ളതുമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയതെന്ന് അൽ-സെയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy