Kuwait death sentence ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ കൊലപ്പെടുത്തിയ ബംഗ്ലാദേശ് പൗരന് കുവൈത്തിൽ വധശിക്ഷ

കുവൈത്ത് സിറ്റി: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശ് പൗരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി.

പ്രതിയുടെ ഭാര്യയുടെ ചിത്രങ്ങൾ സുഹൃത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് തർക്കത്തിന് തുടക്കമായത്. തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതായി പ്രതി കോടതിയിൽ മൊഴി നൽകി. ചിത്രങ്ങൾക്ക് താഴെ ഭാര്യയെ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകൾ വന്നതോടെ അവ നീക്കം ചെയ്യണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല.

പിന്നീട് സുഹൃത്ത് ഭാര്യയുടെ കൂടുതൽ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ പ്രതിയും ഭാര്യയും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ രൂക്ഷമായി. ഇതിൽ പ്രകോപിതനായ പ്രതി സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് കത്തിയുമായി സുഹൃത്തിന്റെ ജോലിസ്ഥലത്തിന് സമീപം കാത്തുനിന്ന പ്രതി, ഇയാൾ ജോലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആക്രമിച്ചു. തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തേറ്റ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് മരിച്ചു.

സംഭവത്തിൽ അന്വേഷണം നടത്തിയ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിക്കുകയും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

ജഡ്ജി നാസർ അൽ ബദറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ജഡ്ജിമാരായ അബ്ദുൽ അസീസ് അൽ മുദാദി, അബ്ദുൽ ഹാദി അൽ ഹാജ്രി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ കോടതി കടുത്ത ശിക്ഷയാണ് പ്രഖ്യാപിച്ചത്.

കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy