
Kuwait rain safety alert : കുവൈത്ത് സിറ്റി: മഴക്കാലത്ത് അപകടങ്ങൾ ഒഴിവാക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് (KFF) പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. മഴയ്ക്ക് മുമ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴക്കാലത്ത് വീടുകളുടെയും കെട്ടിടങ്ങളുടെയും ബേസ്മെന്റുകളിലെ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ വാട്ടർ പമ്പുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കണം.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ, വൈദ്യുതി സ്രോതസ്സുകൾ, പുറത്തുകാണുന്ന വൈദ്യുത വയറുകൾ, കേടായ തെരുവുവിളക്കുകൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കണം. കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോൾ കടലിൽ പോകുന്നതും ഒഴിവാക്കണം. ബന്ധപ്പെട്ട അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഫയർഫോഴ്സ് നിർദേശിച്ചു.
വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
അതേസമയം, വരും ദിവസങ്ങളിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്കും ചിലയിടങ്ങളിൽ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
ആഴ്ചയുടെ അവസാനത്തോടെ പകൽ ചൂടും ഈർപ്പവും വർധിക്കുമെന്നും രാത്രിയിൽ മിതമായ കാലാവസ്ഥയും ഈർപ്പവും അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
രാജ്യത്തെ കാലാവസ്ഥാ ഭൂപടങ്ങളും കണക്കുകൂട്ടൽ മാതൃകകളും പരിശോധിക്കുമ്പോൾ സുഡാനീസ് ന്യൂനമർദത്തിന്റെ സ്വാധീനത്തിലാണ് കുവൈത്തെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ധിറാർ അൽ അലി കുവൈത്ത് വാർത്താ ഏജൻസിയായ കുനയോട് പറഞ്ഞു.
ഇതിന്റെ ഭാഗമായി താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ സാന്നിധ്യം വർധിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാനും കാറ്റിനൊപ്പം പൊടിപടലങ്ങൾ വ്യാപിച്ച് കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
പ്രധാനമായും തെക്കുകിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം വർധിക്കാനും സാധ്യതയുണ്ട്. വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് മൂടൽമഞ്ഞ് രൂപപ്പെടാൻ കൂടുതൽ സാധ്യത. പിന്നീട് കാഴ്ചപരിധി ക്രമേണ മെച്ചപ്പെടും.
വെള്ളിയാഴ്ച ചൂടുള്ള കാലാവസ്ഥ
വെള്ളിയാഴ്ച കുവൈത്തിൽ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും തെക്കുകിഴക്കൻ ദിശയിൽ നിന്നുമുള്ള കാറ്റിന് മണിക്കൂറിൽ 15 മുതൽ 50 കിലോമീറ്റർ വരെ വേഗമുണ്ടാകാം. തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.
പരമാവധി താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രവചനം. കടലിൽ തിരമാലകൾ പൊതുവെ നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ തിരമാലകളുടെ ഉയരം 2 മുതൽ 6 അടി വരെ ഉയരാനും സാധ്യതയുണ്ട്.




