
Kuwait winter season 2026 കുവൈറ്റ് സിറ്റി: കുവൈത്തിൽ ശൈത്യകാലത്തിന് തുടക്കം കുറിക്കുന്ന ‘അൽ മുറബ്ബാനിയ’ സീസൺ ഡിസംബർ 5 ശനിയാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായി എത്തുന്ന ‘അൽ വസം’ കാലം അവസാനിക്കുന്നതോടെയാണ് അൽ മുറബ്ബാനിയ ആരംഭിക്കുന്നത്.
സീസണിന്റെ ആദ്യ ദിവസങ്ങളിൽ താപനിലയിൽ വലിയ ഇടിവ് ഉണ്ടാകണമെന്നില്ല. തുടക്കത്തിൽ കാലാവസ്ഥയിൽ നേരിയ മാറ്റങ്ങൾ മാത്രമായിരിക്കും അനുഭവപ്പെടുക. എന്നാൽ ദിവസങ്ങൾ പിന്നിടുന്നതോടെ ചൂട് കുറഞ്ഞ് തണുപ്പ് ക്രമേണ ശക്തമാകും. ഓരോ വർഷത്തെയും കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് തണുപ്പിന്റെ തീവ്രതയിലും വ്യത്യാസമുണ്ടാകാമെന്നും ശാസ്ത്രകേന്ദ്രം വ്യക്തമാക്കി.
ആകെ 39 ദിവസം നീണ്ടുനിൽക്കുന്ന അൽ മുറബ്ബാനിയ സീസണിനെ 13 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്.
- അൽ ഇക്ലീൽ (Al-Iklil): ആദ്യത്തെ 13 ദിവസം
- അൽ ഖൽബ് (Al-Qalb): രണ്ടാമത്തെ 13 ദിവസം
- അൽ ശൂല (Al-Shoula): അവസാനത്തെ 13 ദിവസം
ഡിസംബർ 21 വരെ പകൽ സമയം കുറഞ്ഞുവരുകയും രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായ ഡിസംബർ 21ന് കുവൈത്തിൽ രാത്രി 13 മണിക്കൂറും 44 മിനിറ്റും നീണ്ടുനിൽക്കുമെന്നും അൽ ഉജൈരി ശാസ്ത്രകേന്ദ്രം അറിയിച്ചു.




