
ദോഹ: ഖത്തറിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കടലിൽ തിരമാലകളുടെ ഉയരം സാധാരണ നിലയിൽ 2 മുതൽ 4 അടി വരെയായിരിക്കുമെങ്കിലും ചില സമയങ്ങളിൽ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഖത്തർ കാലാവസ്ഥാ വകുപ്പ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് കാലാവസ്ഥാ പ്രവചനം പുറത്തുവിട്ടത്.
പകൽ സമയത്ത് കാലാവസ്ഥ താരതമ്യേന ചൂടുള്ളതായിരിക്കും. ഇതിനൊപ്പം ചില പ്രദേശങ്ങളിൽ പ്രാദേശിക മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
തെക്കുകിഴക്ക് മുതൽ തെക്ക് ദിശയിലേക്ക് കാറ്റ് വീശാനാണ് സാധ്യത. പൊതുവെ കാറ്റിന്റെ വേഗത നേരിയതോ മിതമായതോ ആയിരിക്കും. എന്നാൽ ഇടിമിന്നലോടുകൂടിയ മഴയുള്ള സമയങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 25 നോട്ട് വരെ ഉയർന്നേക്കാം.
കടലിൽ പോകുന്നവരും മത്സ്യത്തൊഴിലാളികളും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണം.





