
Dubai Road Accident Death:ദുബായ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലപ്പുറം എടക്കരയിൽ താമസിച്ചിരുന്ന മൈസൂരു സ്വദേശി ദുബായിൽ മരിച്ചു. മൈസൂരു ഹിൽവാല സ്വദേശി മഞ്ജുനാഥ് (41) ആണ് മരിച്ചത്.
ദുബായിലെ ഒരു ഹോട്ടലിൽ പാചകത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു മഞ്ജുനാഥ്. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
മഞ്ജുനാഥിന്റെ കുടുംബം വർഷങ്ങളായി മലപ്പുറം ജില്ലയിലെ എടക്കരയിലാണ് താമസിക്കുന്നത്. എടക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു താമസം. ഭാര്യ ചന്ദനയും മക്കളായ പവനും അനുഷ്കയുമാണ് കുടുംബത്തിലുള്ളത്. ഇരുവരും എടക്കര ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥികളാണ്.
ദുബായിൽ ജോലി ചെയ്ത് കുടുംബത്തിന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന മഞ്ജുനാഥിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാട്ടുകാർക്കും വലിയ ദുഃഖമായി.





