
Fujairah crashes ദുബായ്: റാസൽഖൈമയിലും ഫുജൈറയിലും അടുത്തിടെ ഉണ്ടായ വൻ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് വിദഗ്ധർ. ഡ്രൈവർമാരുടെ ക്ഷീണം, വാഹനങ്ങളുടെ സാങ്കേതിക തകരാറുകൾ, അശ്രദ്ധമായ ഡ്രൈവിംഗ്, നിയമങ്ങൾ നടപ്പാക്കുന്നതിലെ പോരായ്മകൾ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഫലപ്രദമായ സംവിധാനം വേണമെന്നും റോഡ് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെടുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടായ രണ്ട് മാരക അപകടങ്ങളിലായി 27 പേർ മരിച്ചതോടെയാണ് യുഎഇയിലെ റോഡ് സുരക്ഷ വീണ്ടും ചർച്ചയായത്. ഫുജൈറയിലുണ്ടായ 18 വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റാസൽഖൈമയിൽ ഈ ആഴ്ചയുണ്ടായ മറ്റൊരു അപകടത്തിൽ 13 പേരും മരിച്ചു.
2027 ജനുവരി മുതൽ പുതിയ ഡ്രൈവിംഗ് നിയന്ത്രണം
ഡ്രൈവർമാരുടെ ക്ഷീണം മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി 2027 ജനുവരി 1 മുതൽ പുതിയ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വരും. 24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ ഡ്രൈവ് ചെയ്യാൻ അനുവദിക്കൂ എന്നതാണ് പ്രധാന വ്യവസ്ഥ.
ഒമ്പത് മണിക്കൂർ പരിധി ലംഘിക്കുന്നതിനു പുറമെ, അനുവദനീയമായ സമയത്തിനുള്ളിലാണെങ്കിലും ക്ഷീണം സുരക്ഷിതമായ ഡ്രൈവിംഗിനെ ബാധിക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നതും നിയമം നിരോധിക്കുന്നു.
ജോലിയുടെ ഭാഗമായി ദീർഘനേരം വാഹനമോടിക്കുന്ന ട്രക്ക്, ബസ് ഡ്രൈവർമാർക്കും മറ്റ് പ്രൊഫഷണൽ ഡ്രൈവർമാർക്കും ഈ നിയന്ത്രണം ഏറെ പ്രധാനപ്പെട്ടതാണ്.
ടാക്കോഗ്രാഫ് സംവിധാനം വേണമെന്ന് വിദഗ്ധർ
പുതിയ നിയമം സ്വാഗതാർഹമാണെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാൻ ടാക്കോഗ്രാഫ് സംവിധാനം ആവശ്യമാണ് എന്നാണ് റോഡ്സേഫ്റ്റിയുഎഇ സ്ഥാപകൻ തോമസ് എഡൽമാന്റെ അഭിപ്രായം.
വാഹനം എത്രനേരം ഓടിച്ചു, എവിടെയൊക്കെ സഞ്ചരിച്ചു, എത്ര വേഗത്തിലാണ് ഓടിച്ചത് തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമാണ് ടാക്കോഗ്രാഫ്. ഡ്രൈവർമാരുടെ ജോലി സമയവും വിശ്രമ സമയവും വാഹനത്തിന്റെ വേഗതയും കൃത്യമായി നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കും.
യുഎഇയിൽ ടാക്സികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നിലവിൽ സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സമാനമായ സാങ്കേതികവിദ്യ ട്രക്കുകൾ, ബസുകൾ, മോട്ടോർസൈക്കിൾ ഡെലിവറി റൈഡർമാർ എന്നിവരിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
എന്നാൽ പുതിയ നിയമം നടപ്പാക്കുന്നതിനായി ടാക്കോഗ്രാഫ് സംവിധാനം എങ്ങനെയായിരിക്കും ഉപയോഗിക്കുകയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമം ലംഘിച്ചാൽ ഉത്തരവാദി ആര്?
പുതിയ നിയമങ്ങൾ നടപ്പാക്കുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് നിയമലംഘനത്തിന്റെ ഉത്തരവാദിത്തം ആർക്കായിരിക്കും എന്നതാണ്. ഡ്രൈവർക്കാണോ അതോ ഡ്രൈവറെ ജോലിക്കെടുത്ത കമ്പനിക്കാണോ ഉത്തരവാദിത്തം എന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു.
ജോലി ആവശ്യങ്ങൾക്കായി വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് സമയവും വിശ്രമ സമയവും കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ പര്യാപ്തമല്ലെന്ന് റോഡ് സുരക്ഷാ വിദഗ്ധൻ ഡോ. മുസ്തഫ അൽദ ചൂണ്ടിക്കാട്ടി.
അളക്കാൻ കഴിയാത്ത കാര്യങ്ങൾ മെച്ചപ്പെടുത്താനാകില്ലെന്നും അതിനാൽ ഡ്രൈവിംഗ് സമയം കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യുകെയിൽ ഉപയോഗിക്കുന്ന ടാക്കോഗ്രാഫ് സംവിധാനങ്ങൾ ഇതിന് മാതൃകയാക്കാമെന്നും സാങ്കേതികവിദ്യയേക്കാൾ പ്രധാനപ്പെട്ടത് അതിന്റെ കർശനമായ നടപ്പാക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യജീവന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കമ്പനികളും സർക്കാർ സംവിധാനങ്ങളും ഇതിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനങ്ങളുടെ തകരാറുകളും അപകടങ്ങൾക്ക് കാരണമാകുന്നു
റാസൽഖൈമയിൽ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മെക്കാനിക്കൽ തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഒരു ബസ് ഇടിച്ചാണ് ദുരന്തമുണ്ടായത്. വാഹനങ്ങൾ തകരാറിലാകുന്നതും റോഡരികിൽ നിർത്തിയിടേണ്ടിവരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തകരാറിലായ വാഹനങ്ങളെ മറ്റ് ഡ്രൈവർമാർക്ക് മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അവർ വിശദീകരിച്ചു.
മുന്നറിയിപ്പ് ത്രികോണങ്ങൾ ഉപയോഗിക്കുന്നതിൽ വീഴ്ച
വാഹനം റോഡിൽ തകരാറിലായി നിർത്തേണ്ടിവരുമ്പോൾ മുന്നറിയിപ്പ് ത്രികോണം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ പ്രത്യേകിച്ച് ട്രക്കുകളിൽ ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങൾ ശരിയായി ഉപയോഗിക്കുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ചില ട്രക്ക്, ബസ് ഡ്രൈവർമാർ വാഹനത്തിന് മുന്നിൽ അഗ്നിശമന ഉപകരണങ്ങളോ ലോഹ സിലിണ്ടറുകളോ സ്ഥാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടസമയത്ത് ഇവ വാഹനങ്ങളിൽ ഇടിച്ച് കൂടുതൽ അപകടകരമായ വസ്തുക്കളായി മാറാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
വാഹനം തകരാറിലാകുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ സ്ഥാപിക്കാൻ കഴിയുന്ന രീതിയിൽ മുന്നറിയിപ്പ് ത്രികോണങ്ങൾ രൂപകൽപ്പന ചെയ്യണമെന്നും ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ പുതിയ ഡ്രൈവർമാർക്ക് ബ്രേക്ക്ഡൗൺ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ പഠിപ്പിക്കണമെന്നും നിർദേശമുണ്ട്.
അപകടങ്ങളുടെ പ്രധാന കാരണം അശ്രദ്ധമായ ഡ്രൈവിംഗ്
വാഹനങ്ങളുടെ തകരാറുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും റോഡിലെ ഡ്രൈവർമാരുടെ അശ്രദ്ധയും പ്രധാന പ്രശ്നമാണെന്നും ഡോ. മുസ്തഫ അൽദ മുന്നറിയിപ്പ് നൽകി.
റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെയുള്ള ഡ്രൈവിംഗ്, മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കാതിരിക്കൽ തുടങ്ങിയവയാണ് അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ.
ഡ്രൈവർമാർ റോഡിൽ ശ്രദ്ധ പുലർത്തുകയും മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്താൽ നിശ്ചലമായി നിൽക്കുന്ന വാഹനങ്ങളിൽ ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപകമായി ഏകീകൃത സുരക്ഷാ പദ്ധതി വേണം
യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ഒരേ രീതിയിൽ നടപ്പാക്കാവുന്ന സമഗ്രമായ ഹെവി വെഹിക്കിൾ സുരക്ഷാ പദ്ധതി വേണമെന്ന് സ്കൂൾ ബസ് സർവീസുകൾ നടത്തുന്ന STS ഗ്രൂപ്പ് സിഇഒ സ്റ്റീവ് ബർണൽ ആവശ്യപ്പെട്ടു.
ഡ്രൈവിംഗ് സമയം മാത്രം നിയന്ത്രിച്ചാൽ അപകടങ്ങൾ പൂർണമായി തടയാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഡ്രൈവർമാരുടെ മൊത്തം ജോലി സമയം, ഡ്രൈവിംഗ് സമയം, വിശ്രമ കാലയളവ് എന്നിവ ഉൾപ്പെടുത്തി വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കണം.
ഇതിനൊപ്പം സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളും സ്വതന്ത്ര പരിശോധനകളും ഏർപ്പെടുത്തണം. നിയമങ്ങൾ എല്ലാ എമിറേറ്റുകളിലും ഒരുപോലെ നടപ്പാക്കുകയും നിയമലംഘനങ്ങൾക്ക് ഉത്തരവാദിത്തം ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





