
Qatar’s Al Adeid Service ദോഹ: പൊതുസമൂഹത്തിന് നേരെയുള്ള ഭീഷണികൾ, മോശം പെരുമാറ്റങ്ങൾ, വിനോദസഞ്ചാര മേഖലകളിലെ നിയമലംഘനങ്ങൾ തുടങ്ങിയവ അധികൃതരെ അറിയിക്കാൻ മെട്രാഷ് ആപ്പിൽ ലഭ്യമായ അൽ അദീദ് സേവനം ഉപയോഗിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. പരാതികൾ നേരിട്ട് പ്രിവന്റീവ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന് സമർപ്പിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
പൊതുമര്യാദകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ, സാമൂഹികവിരുദ്ധ പെരുമാറ്റങ്ങൾ, ഭീഷണികൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയമലംഘനങ്ങൾ, ഭരണപരമായ അഴിമതി തുടങ്ങിയവയാണ് സേവനത്തിലൂടെ റിപ്പോർട്ട് ചെയ്യാവുന്ന പ്രധാന വിഷയങ്ങൾ. ഇതുസംബന്ധിച്ച് മന്ത്രാലയം സമൂഹമാധ്യമത്തിലൂടെയാണ് അറിയിപ്പ് നൽകിയത്.
എങ്ങനെ പരാതി നൽകാം?
മെട്രാഷ് ആപ്പിൽ ലോഗിൻ ചെയ്തശേഷം ‘Security’ എന്ന വിഭാഗം തിരഞ്ഞെടുക്കുക. തുടർന്ന് ‘Security Complaint’ തുറന്ന് ഡിപ്പാർട്ട്മെന്റായി ‘Preventive Security Department’ തിരഞ്ഞെടുക്കണം. അപേക്ഷാ വിഭാഗത്തിൽ ‘Al Adeid Service Reporting’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.
തുടർന്ന് പരാതിയുടെ വിഭാഗം തിരഞ്ഞെടുക്കുകയും സംഭവത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും വേണം. ആവശ്യമെങ്കിൽ ഫോട്ടോകളും അപ്ലോഡ് ചെയ്യാം. സംഭവസ്ഥലത്തിന്റെ വിവരങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകിയശേഷം ‘Done’ അമർത്തുന്നതോടെ പരാതി സമർപ്പിക്കാം.
സമൂഹത്തിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് ഈ സേവനത്തിലൂടെ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.





